Kerala
കോഴിക്കോട്: വഖഫ് ബോർഡ് വിഷയത്തിൽ കേരള സർക്കാർ ഹൈക്കോടതിയിൽ സ്വീകരിച്ച നിലപാടിനെതിരെ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ രംഗത്ത്. വഖഫ് സംവിധാനവുമായി നേരിട്ട് ബന്ധമില്ലാത്ത ഹർജിക്കാർക്ക് അനുകൂലമായ നിലപാടാണ് സർക്കാർ അഭിഭാഷകൻ കോടതിയിൽ സ്വീകരിച്ചതെന്ന് സമസ്തയുടെ കോ-ഓർഡിനേഷൻ കമ്മിറ്റി അംഗം സത്താർ പന്തല്ലൂർ ആരോപിച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം സർക്കാരിനെതിരെ രൂക്ഷവിമർശനം ഉന്നയിച്ചത്.
വഖഫ് സംവിധാനവുമായി യാതൊരു ബന്ധവുമില്ലാത്തവരും രാഷ്ട്രീയ ലക്ഷ്യങ്ങളോടെ പ്രവർത്തിക്കുന്നവരുമായ ഹർജിക്കാരെ എന്തിനാണ് സർക്കാർ അഭിഭാഷകൻ പിന്തുണയ്ക്കുന്നതെന്ന് സത്താർ പന്തല്ലൂർ ചോദിച്ചു. ആരുടെ താത്പര്യങ്ങൾ സംരക്ഷിക്കാനാണ് സർക്കാർ ഇത്തരമൊരു നിലപാട് സ്വീകരിച്ചതെന്നും അദ്ദേഹം ആരാഞ്ഞു.
വഖഫ് ബോർഡിൽ രണ്ട് അമുസ്ലിം അംഗങ്ങളെ ഉൾപ്പെടുത്തിയില്ലെന്ന് ചൂണ്ടിക്കാട്ടി സമർപ്പിക്കപ്പെട്ട പൊതുതാത്പര്യ ഹർജികളെത്തുടർന്ന് വഖഫ് ബോർഡിന്റെ പ്രവർത്തനങ്ങളിൽ ഹൈക്കോടതി താത്കാലിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ബിജെപി നേതാവ് ഷോൺ ജോർജ് അടക്കമുള്ളവരാണ് ഈ ഹർജികൾ നൽകിയത്.
ഹൈക്കോടതിയുടെ ഈ ഇടക്കാല ഉത്തരവിനെതിരെ സമസ്ത നേതാവ് ഉമർ ഫൈസി മുക്കം സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. വഖഫ് ബോർഡിന്റെ മേൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ നീക്കണമെന്നാണ് ഹർജിയിലെ ആവശ്യം.
വഖഫ് ബോർഡിന്റെ ഘടനയെയും പ്രവർത്തനത്തെയും ചൊല്ലിയുള്ള ഹർജികൾ രാഷ്ട്രീയ പ്രേരിതമാണെന്നും, ഇതിൽ സർക്കാർ സ്വീകരിക്കുന്ന നിലപാട് നിഗൂഢമാണെന്നുമാണ് സമസ്തയുടെ നിലപാട്.
National
ജിന്ദ്: ഇന്ത്യയുടെ ഗതാഗത ചരിത്രത്തിൽ പുതിയ അധ്യായം രചിച്ച് രാജ്യത്തെ ആദ്യ ഹൈഡ്രജൻ ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്തു. ഹരിയാനയിലെ ജിന്ദ് റെയിൽവേ സ്റ്റേഷനിലാണ് ഉദ്ഘാടനം നടന്നത്. പരിസ്ഥിതി സൗഹൃദ ഗതാഗത സംവിധാനത്തിലേക്കുള്ള ഇന്ത്യയുടെ നിർണായക ചുവടുവെപ്പാണിത്.
പരമ്പരാഗത ഇലക്ട്രിക് ട്രെയിനുകളെപ്പോലെ ഓവർഹെഡ് ലൈനുകളിൽ നിന്ന് വൈദ്യുതി എടുക്കുന്നതിന് പകരം, ഹൈഡ്രജൻ ഫ്യൂവൽ സെൽ ഉപയോഗിച്ച് സ്വന്തമായി വൈദ്യുതി ഉത്പാദിപ്പിച്ചാണ് ഈ ട്രെയിൻ പ്രവർത്തിക്കുന്നത്. വൈദ്യുതി ലഭ്യത കുറവുള്ള വിദൂര പ്രദേശങ്ങളിലും പൈതൃക റൂട്ടുകളിലും ഡീസൽ ട്രെയിനുകൾക്ക് പകരം ഹരിത ഇന്ധനമായ ഹൈഡ്രജൻ ട്രെയിനുകൾ മികച്ചൊരു ബദലായി മാറും.
National
മുർഷിദാബാദ്: പശ്ചിമ ബംഗാളിലെ മുർഷിദാബാദിൽ ട്രെയിൻ സ്കൂൾ വാനിലിടിച്ച് മൂന്ന് വിദ്യാർത്ഥികളടക്കം നാല് പേർ മരിച്ചു. ഇന്ന് രാവിലെ ഏഴ് മണിയോടെ അസിംഗഞ്ച്-കട്വ റെയിൽവേ സെക്ഷനിലെ കർണസുബർണ സ്റ്റേഷനും ഗോബിന്ദപുർ റെയിൽ ഗേറ്റിനും ഇടയിലായിരുന്നു അപകടം. നിംതിത-കട്വ ലോക്കൽ ട്രെയിനാണ് സ്കൂൾ വാനിനെ ഇടിച്ചത്.
റെയിൽ ഗേറ്റ് തുറന്നിട്ടിരുന്നതിനെത്തുടർന്ന് വിദ്യാർത്ഥികളുമായി പോവുകയായിരുന്ന വാനും ഒരു സൈക്കിൾ യാത്രക്കാരനും പാളത്തിലൂടെ കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ട്രെയിൻ വാനിൽ ഇടിച്ചത്. തൊട്ടുമുമ്പ് മറ്റൊരു ട്രെയിൻ കടന്നുപോയതിന് ശേഷവും റെയിൽ ഗേറ്റ് തുറന്നുകിടക്കുകയായിരുന്നുവെന്നും ഗേറ്റ്മാന്റെ അനാസ്ഥയാണ് അപകടത്തിന് കാരണമായതെന്നും നാട്ടുകാർ ആരോപിക്കുന്നു.
അപകടത്തിൽ വാനിന് ഗുരുതരമായ നാശനഷ്ടങ്ങൾ സംഭവിച്ചു. നാട്ടുകാർ ചേർന്നാണ് ആദ്യം രക്ഷാപ്രവർത്തനം നടത്തിയത്. പരിക്കേറ്റവരെ കർണസുബർണ ബ്ലോക്ക് ആശുപത്രിയിലും പിന്നീട് ഗുരുതരാവസ്ഥയിലുള്ളവരെ ബെർഹാംപൂരിലെ മുർഷിദാബാദ് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റി.
സംഭവത്തിൽ പോലീസും റെയിൽവേ അധികൃതരും വെവ്വേറെ അന്വേഷണം ആരംഭിച്ചു. ഗേറ്റ്മാന്റെ വീഴ്ചയെക്കുറിച്ച് അന്വേഷിക്കാൻ ഈസ്റ്റേൺ റെയിൽവേ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. റെയിൽവേ ഗേറ്റ് തുറന്നുകിടന്നു; സ്കൂൾ വാനിൽ ട്രെയിനിടിച്ച് മൂന്ന് വിദ്യാർത്ഥികളുടെ മരണം.
Kerala
കോട്ടയം: മുഖ്യമന്ത്രിയും എൻഎസ്എസ് നേതൃത്വവും തമ്മിലുള്ള തർക്കം രൂക്ഷമാകുന്നതിനിടെ, അനുനയ നീക്കവുമായി മുതിർന്ന കോൺഗ്രസ് നേതാവ് പി.ജെ. കുര്യൻ. എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുമായി പി.ജെ. കുര്യൻ ഈ വിഷയത്തിൽ സംസാരിക്കാൻ ഒരുങ്ങുകയാണ്. പാർട്ടി നിർദേശപ്രകാരമല്ല, മറിച്ച് സ്വന്തം നിലയിലാണ് കുര്യൻ മധ്യസ്ഥശ്രമത്തിന് മുൻകൈ എടുക്കുന്നത്.
സുകുമാരൻ നായരുമായി അടുത്ത ബന്ധം പുലർത്തുന്ന നേതാവെന്ന നിലയിലാണ് പി.ജെ. കുര്യൻ മധ്യസ്ഥതയ്ക്ക് തയ്യാറെടുക്കുന്നത്. മുഖ്യമന്ത്രിയെ കാണാൻ എൻഎസ്എസ് നേതൃത്വം സമയം ചോദിച്ചിരുന്നെങ്കിലും അനുമതി ലഭിച്ചില്ലെന്ന ആരോപണവും, ഇത് മുഖ്യമന്ത്രി നിഷേധിച്ചതുമാണ് തർക്കത്തിന് കാരണമായത്.
മുഖ്യമന്ത്രിയുടെ വിശദീകരണം തൃപ്തികരമല്ലെന്നും താൻ ഇനി അദ്ദേഹത്തെ കാണാനില്ലെന്നും സുകുമാരൻ നായർ വ്യക്തമാക്കി. ബജറ്റ് തിരക്കുകൾ കാരണമാണ് കൂടിക്കാഴ്ച വൈകിയതെങ്കിൽ അത് അപ്പോൾ തന്നെ അറിയിക്കാമായിരുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Kerala
പത്തനംതിട്ട: കോൺഗ്രസ് പത്തനംതിട്ട ജില്ലാ പഞ്ചായത്തംഗം ശ്രീനാദേവി കുഞ്ഞമ്മയെ അപമാനിച്ചെന്ന കേസിൽ യൂട്യൂബർ രാജൻ ജോസഫ് വീണ്ടും അറസ്റ്റിൽ. നേരത്തെ ഇതേ പരാതിയിൽ അറസ്റ്റിലായി ജാമ്യം നേടി പുറത്തിറങ്ങിയതിന് തൊട്ടുപിന്നാലെ, വീണ്ടും അപകീർത്തികരമായ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിച്ചതിനാണ് അടൂർ പോലീസ് ഇയാളെ എറണാകുളത്ത് നിന്ന് പിടികൂടിയത്. ഇന്നലെ രാത്രിയോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
ജാമ്യം ലഭിച്ച അതേ ദിവസം തന്നെ ശ്രീനാദേവി കുഞ്ഞമ്മയെ മോശമായി ചിത്രീകരിക്കുന്ന വീഡിയോ ഇയാൾ തന്റെ ചാനലിലൂടെ പങ്കുവെക്കുകയായിരുന്നു. രാജൻ ജോസഫിന് പുറമെ 'സിബി' എന്നൊരാൾക്കെതിരെയും പരാതി ലഭിച്ചിട്ടുണ്ട്. നിലവിൽ അടൂർ പോലീസ് സ്റ്റേഷനിൽ കസ്റ്റഡിയിലുള്ള പ്രതിയെ കൂടുതൽ ചോദ്യം ചെയ്യലിന് ശേഷം കോടതിയിൽ ഹാജരാക്കും.
International
ന്യൂയോർക്ക്: അർജന്റീന-സ്പെയിൻ ലോകകപ്പ് ഫൈനൽ കാണാൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് സ്റ്റേഡിയത്തിലെത്തും. ഞായറാഴ്ച ന്യൂയോർക്ക്-ന്യൂജേഴ്സി സ്റ്റേഡിയത്തിൽ നടക്കുന്ന ഫൈനൽ മത്സരത്തിൽ ട്രംപ് പങ്കെടുക്കുമെന്ന് വൈറ്റ് ഹൗസ് ഔദ്യോഗികമായി സ്ഥിരീകരിച്ചു.
മത്സരശേഷം വിജയികൾക്ക് നൽകുന്ന ലോകകപ്പ് ട്രോഫി ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോയ്ക്കൊപ്പം ട്രംപും ചേർന്നാവും സമ്മാനിക്കുക.1966-ൽ എലിസബത്ത് രാജ്ഞിയും, 1982-ൽ സ്പെയിനിലെ കാർലോസ് രാജാവും ട്രോഫി കൈമാറിയതുപോലെ, രാഷ്ട്രത്തലവൻ ട്രോഫി സമ്മാനിക്കുന്ന പാരമ്പര്യം ഇത്തവണയും ആവർത്തിക്കുകയാണ്.
ഫൈനലിന് മുന്നോടിയായി വെള്ളിയാഴ്ച ന്യൂയോർക്കിലെ ട്രംപ് ടവറിൽ നടക്കുന്ന ഫിഫ റിസപ്ഷനിലും ട്രംപ് പങ്കെടുക്കും.
National
ന്യൂഡൽഹി: കർണാടകയിലെ മന്ത്രിസഭാ വികസനം സംബന്ധിച്ച ചർച്ചകൾ അനിശ്ചിതമായി നീളുന്നു. മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ, കെപിസിസി അധ്യക്ഷൻ ബി.കെ. ഹരിപ്രസാദ് എന്നിവർ ഡൽഹിയിലെത്തി രാഹുൽ ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ അന്തിമ തീരുമാനമായില്ല. എഐസിസി പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ അടിയന്തരമായി ബംഗളൂരുവിലേക്ക് മടങ്ങിയതും ചർച്ചകൾ പൂർത്തിയാക്കാൻ തടസമായി.
പഴയ മന്ത്രിമാരുടെ പേരുകൾ മാത്രം അടങ്ങിയ പട്ടികയിൽ രാഹുൽ ഗാന്ധി അതൃപ്തി പ്രകടിപ്പിച്ചതായാണ് റിപ്പോർട്ട്. 2028-ലെ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് യുവനേതാക്കൾക്ക് മന്ത്രിസഭയിൽ കൂടുതൽ അവസരം നൽകണമെന്നാണ് രാഹുലിന്റെ നിർദേശം. രാഹുൽ ഗാന്ധിയും കെ.സി. വേണുഗോപാലും സംസ്ഥാന നേതാക്കളുടെ അഭിപ്രായങ്ങൾ കേട്ടതായും, ഖാർഗെ തിരിച്ചെത്തിയ ശേഷം മറ്റൊരു റൗണ്ട് ചർച്ച കൂടി നടത്തിയ ശേഷമേ അന്തിമ തീരുമാനമുണ്ടാകൂ എന്നും നേതാക്കൾ വ്യക്തമാക്കി.
ഓഗസ്റ്റ് ആദ്യവാരം തുടങ്ങുന്ന നിയമസഭാ സമ്മേളനത്തിന് മുൻപായി മന്ത്രിസഭാ വികസനം പൂർത്തിയാക്കാനാണ് നേതൃത്വം ശ്രമിക്കുന്നത്. നിലവിൽ 20 മന്ത്രിസ്ഥാനങ്ങളും ഒരു സ്പീക്കർ സ്ഥാനവും ഒഴിഞ്ഞുകിടക്കുകയാണ്.
International
ടെക്സാസ്: ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകരെയും സോഷ്യൽ മീഡിയയെയും ഒരേപോലെ ചിരിപ്പിക്കുകയും അതിശയിപ്പിക്കുകയും ചെയ്ത ഒരു ചിത്രമായിരുന്നു കഴിഞ്ഞ ദിവസം നോർവീജിയൻ സൂപ്പർ താരം എർലിംഗ് ഹാളണ്ട് പങ്കുവെച്ചത്. ടീം വിമാനത്തിൽ നിന്നും കയ്യിലൊരു കുപ്പിയുമായി നിൽക്കുന്ന ഒരു ‘റാക്കൂൺ’ രൂപവുമായി ചിരിച്ചുനിൽക്കുന്ന ഹാളണ്ടിന്റെ ചിത്രം നിമിഷങ്ങൾക്കകമാണ് വൈറലായത്. "ഇത് എന്റെ കൂടെ പോന്നതാണ്" എന്ന ക്യാപ്ഷനോടെയായിരുന്നു താരം ചിത്രം പോസ്റ്റ് ചെയ്തത്.
എന്നാൽ വെറുമൊരു കളിപ്പാട്ടമല്ല, മറിച്ച് പ്രകൃതിദത്തമായി സ്റ്റഫ് ചെയ്തെടുത്ത ഒരു യഥാർത്ഥ റാക്കൂണിന്റെ രൂപമാണിത്. ‘വിസ്കി റാക്കൂൺ’ എന്നറിയപ്പെടുന്ന ഈ കൗതുക വസ്തുവിന്റെ വിലയറിഞ്ഞ് കണ്ണുതള്ളിയിരിക്കുകയാണ് ഇപ്പോൾ ആരാധകർ. അമേരിക്കയിലെ ടെക്സസിലുള്ള പ്രശസ്തമായ ‘വൈൽഡ് ബിൽസ് വെസ്റ്റേൺ സ്റ്റോറിൽ’ നിന്നാണ് ഹാളണ്ട് ഈ അപൂർവ രൂപം വാങ്ങിയത്. വില 750 യുഎസ് ഡോളർ, ഏകദേശം 72,000 ഇന്ത്യൻ രൂപ.
കയ്യിൽ ഒരു കുപ്പിയുമായി മദ്യപിച്ചിരിക്കുന്ന രീതിയിൽ സ്റ്റഫ് ചെയ്തെടുത്ത ഈ റാക്കൂൺ രൂപത്തിന് വിപണിയിൽ ഇപ്പോൾ വൻ ഡിമാൻഡാണ്. മാഞ്ചസ്റ്റർ സിറ്റിയുടെ സൂപ്പർ സ്ട്രൈക്കറായ ഹാളണ്ടിന്റെ ചിത്രങ്ങൾ പുറത്തുവന്നതിന് പിന്നാലെ ഈ ഉത്പന്നം വാങ്ങാൻ ആളുകളുടെ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. കടയിലും ഓൺലൈൻ സൈറ്റുകളിലും ഉണ്ടായിരുന്ന ‘വിസ്കി റാക്കൂൺ’ രൂപങ്ങൾ മണിക്കൂറുകൾക്കകം പൂർണമായും വിറ്റുതീർന്നു.
Kerala
മലപ്പുറം: പാർട്ടിയെ അവഗണിക്കുന്നുവെന്ന ആക്ഷേപത്തിൽ ലീഗ് മന്ത്രിമാർക്കെതിരെ നേതൃത്വത്തിന്റെ അതൃപ്തി. മന്ത്രിമാർ പാർട്ടിയെയോ യൂത്ത് ലീഗ്, എംഎസ്എഫ് തുടങ്ങിയ പോഷക സംഘടനകളെയോ കാര്യമായി പരിഗണിക്കുന്നില്ലെന്ന പരാതി ശക്തമായതോടെയാണ് മുസ്ലിം ലീഗ് നേതൃത്വം അടിയന്തര യോഗം വിളിച്ചുചേർത്തത്.
നാളെ രാവിലെ ഒൻപത് മണിക്ക് പാണക്കാട് വെച്ചാണ് യോഗം നടക്കുക. തങ്ങളുടെ ആവശ്യങ്ങൾക്കും പരാതികൾക്കും മന്ത്രിമാർ വേണ്ടത്ര പ്രാധാന്യം നൽകുന്നില്ലെന്നും, ജില്ലാ തലത്തിലെ കോൺഗ്രസ് എംഎൽഎമാർ കാണിക്കുന്ന പരിഗണന പോലും ലീഗ് മന്ത്രിമാരിൽ നിന്ന് ലഭിക്കുന്നില്ലെന്നുമുള്ള വികാരം പ്രവർത്തകർക്കിടയിൽ വ്യാപകമായിരുന്നു.
സ്റ്റാഫ് നിയമനങ്ങൾ, പി.എം. ശ്രീ പദ്ധതി, മദ്യനയത്തിലെ നികുതിയിളവ് തുടങ്ങിയ വിഷയങ്ങളിലെ മന്ത്രിമാരുടെ നിലപാടുകളും പ്രവർത്തനങ്ങളും യോഗത്തിൽ പ്രധാന ചർച്ചയാകും. പാർട്ടിക്ക് അതീതമായി മന്ത്രിമാർ തന്നിഷ്ടപ്രകാരം കാര്യങ്ങൾ ചെയ്യുന്നുവെന്ന വിമർശനവും ഉയർന്നിട്ടുണ്ട്. വിവാദ വിഷയങ്ങളിൽ ചർച്ചകൾ നടത്താനും, വരുംനാളുകളിൽ ജനപ്രതിനിധികളുടെ പ്രകടനം വിലയിരുത്താനുമാണ് നേതൃത്വത്തിന്റെ തീരുമാനം.
'ചായസൽക്കാരം' എന്ന പേരിൽ വിളിച്ചുചേർത്തിരിക്കുന്ന ഈ യോഗം മന്ത്രിമാർക്കുള്ള ഒരു താക്കീത് കൂടിയാണെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. പാർട്ടി അണികളുടെ വികാരം ഉൾക്കൊണ്ട് പ്രവർത്തിക്കണമെന്നും, സംഘടനാ സംവിധാനത്തെ അവഗണിക്കാൻ പാടില്ലെന്നും നേതൃത്വം മന്ത്രിമാരോട് കർശനമായി ആവശ്യപ്പെട്ടേക്കും.
International
ലണ്ടൻ: അഭൂതപൂർവ്വമായ രാഷ്ട്രീയ പ്രതിസന്ധിയിലൂടെയാണ് ബ്രിട്ടീഷ് രാഷ്ട്രീയം കഴിഞ്ഞകുറേ നാളുകളായി കടന്നു പോകുന്നത്. കെയർ സ്റ്റാർമറിന്റെ രാജിയിലൂടെ കഴിഞ്ഞ പത്ത് വർഷത്തിനിടെ അകാലത്തിൽ സ്ഥാനമൊഴിയുന്ന ആറാമത്തെ പ്രധാനമന്ത്രിയായി അദ്ദേഹം മാറിയിരിക്കുകയാണ്. ഡേവിഡ് കാമറൂണിൽ തുടങ്ങി കെയർ സ്റ്റാർമറിൽ എത്തിനിൽക്കുമ്പോൾ, ബ്രിട്ടീഷ് ഭരണകൂടം തുടർച്ചയായ അസ്ഥിരതയുടെ ചുഴിയിലാണെന്ന് വ്യക്തമാകുന്നു.
ബ്രിട്ടീഷ് പാർലമെന്റിലെ അധികാരകേന്ദ്രങ്ങളിൽ ഇപ്പോൾ പുകയുന്നത് കടുത്ത രാഷ്ട്രീയ അനിശ്ചിതത്വമാണ്. ഭരണപരമായ വീഴ്ചകൾ, സാമ്പത്തിക പ്രതിസന്ധി, ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെടൽ എന്നിവയാണ് ഓരോ പ്രധാനമന്ത്രിയുടെയും പതനത്തിന് വഴിയൊരുക്കുന്നത്. ഡേവിഡ് കാമറൂൺ, തെരേസ മേ, ബോറിസ് ജോൺസൺ, ലിസ് ട്രസ്, ഋഷി സുനക് എന്നിവരാണ് ഇതിനിടെ സ്ഥാനമൊഴിഞ്ഞ മറ്റ് പ്രധാനമന്ത്രിമാർ. ലണ്ടനിലെ 10 ഡൗണിംഗ് സ്ട്രീറ്റിൽ നിന്ന് തുടർച്ചയായി വരുന്ന ഈ രാജി പ്രഖ്യാപനങ്ങൾ യുകെയുടെ ആഗോള പ്രതിച്ഛായയെയും സാമ്പത്തിക സുസ്ഥിരതയെയും വലിയ തോതിൽ ബാധിച്ചിട്ടുണ്ട്.
2016-ലെ ബ്രെക്സിറ്റ് ഹിതപരിശോധനയ്ക്ക് ശേഷം യുകെയിലെ രാഷ്ട്രീയം വലിയ തകർച്ചയിലാണ്. യൂറോപ്യൻ യൂണിയനിൽ നിന്ന് പുറത്തുവന്നത് (ബ്രെക്സിറ്റ് ) സാമ്പത്തികമായും നയപരമായും രാജ്യത്തെ വലിയ പ്രതിസന്ധിയിലാക്കി. ഡേവിഡ് കാമറൂൺ മുതൽ തെരേസ മേയും ബോറിസ് ജോൺസണും വരെ ഇതിന്റെ പേരിൽ അധികാരത്തിൽ നിന്ന് പുറത്തുപോകേണ്ടി വന്നു.
വഴിമുട്ടിയ ജനജീവിതം
തുടർച്ചയായ സാമ്പത്തിക പ്രതിസന്ധികൾ, വിലക്കയറ്റം, പണപ്പെരുപ്പം എന്നിവ സാധാരണക്കാരുടെ ജീവിതത്തെ ബാധിച്ചു. ഈ വിഷയങ്ങളിൽ കൃത്യമായ പരിഹാരം കാണാൻ സർക്കാരുകൾക്ക് സാധിക്കാതെ വന്നത് ഭരണകൂടങ്ങളുടെ വീഴ്ചയ്ക്ക് കാരണമായി. മഹാമാരിക്ക് ശേഷമുള്ള സാമ്പത്തിക ആഘാതങ്ങളെ നേരിടുന്നതിൽ സർക്കാരുകൾക്ക് ഉണ്ടായ പിഴവുകൾ പല പ്രധാനമന്ത്രിമാരുടെയും ഭരണത്തിന്റെ അന്ത്യം കുറിച്ചു.
പെട്ടെന്നുള്ള തീരുമാനങ്ങളും പിന്നീട് അവ തിരുത്തേണ്ടി വരുന്ന സാഹചര്യങ്ങളും ജനങ്ങളിൽ സർക്കാരിലുള്ള വിശ്വാസം നഷ്ടപ്പെടുത്തി. ലിസ് ട്രസിനെ പോലുള്ളവരുടെ ഹ്രസ്വകാല ഭരണങ്ങൾ യുകെയുടെ ആഗോള പ്രതിച്ഛായയെയും ബാധിച്ചിട്ടുണ്ട്.
ബ്രിട്ടനെ തകർത്ത ബ്രെക്സിറ്റ്
ബ്രിട്ടനിലെ വലിയൊരു വിഭാഗം ജനങ്ങൾ വിശ്വസിച്ചത്, തങ്ങളുടെ രാജ്യത്തെ നിയമങ്ങൾ നിർമിക്കുന്നതിൽ പൂർണമായ അധികാരം തങ്ങൾക്കുണ്ടായിരിക്കണമെന്നാണ്. യൂറോപ്യൻ യൂണിയന്റെ നിയമങ്ങളും ചട്ടങ്ങളും ലണ്ടൻ തീരുമാനിക്കുന്നതിനേക്കാൾ ഉപരി ബ്രസൽസിൽ നിന്ന് അടിച്ചേൽപ്പിക്കപ്പെടുന്നു എന്ന വികാരം ബ്രെക്സിറ്റ് അനുകൂലികൾക്കിടയിൽ ശക്തമായിരുന്നു.
യൂറോപ്യൻ യൂണിയനിൽ അംഗമായിരിക്കുമ്പോൾ, യൂണിയനിലെ മറ്റ് രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്ക് യുകെയിലേക്ക് വരാനും ജോലി ചെയ്യാനും തടസമില്ലായിരുന്നു. ഈ കുടിയേറ്റം യുകെയിലെ തൊഴിൽ വിപണിയെയും പൊതുസേവനങ്ങളെയും സമ്മർദ്ദത്തിലാക്കുന്നു എന്ന് പ്രചാരണമുണ്ടായി. കുടിയേറ്റത്തെ പൂർണമായി നിയന്ത്രിക്കാൻ സ്വന്തം അതിർത്തികളുടെ അധികാരം തിരിച്ചുകിട്ടണമെന്ന് ജനങ്ങൾ ആഗ്രഹിച്ചു.
യൂറോപ്യൻ യൂണിയന്റെ പ്രവർത്തനങ്ങൾക്കായി യുകെ വലിയൊരു തുക അംഗത്വ ഫീസായി നൽകുന്നുണ്ടായിരുന്നു. ഈ പണം യുകെയുടെ സ്വന്തം ആരോഗ്യമേഖലയ്ക്കും വിദ്യാഭ്യാസത്തിനും വിനിയോഗിക്കാമെന്ന വാഗ്ദാനം ജനങ്ങളെ സ്വാധീനിച്ചു.
ബ്രിട്ടീഷ് സംസ്കാരവും ജീവിതരീതിയും യൂറോപ്യൻ സ്വാധീനത്താൽ നഷ്ടപ്പെടുന്നു എന്ന വികാരം ഒരു വിഭാഗം ജനങ്ങളിൽ ഉണ്ടായിരുന്നു. 'ടേക്ക് ബാക്ക് കൺട്രോൾ' എന്നതായിരുന്നു ബ്രെക്സിറ്റ് അനുകൂലികളുടെ പ്രധാന മുദ്രാവാക്യം.
ആഗോളവൽക്കരണവും യൂറോപ്യൻ ഏകീകരണവും കൊണ്ട് നേട്ടമുണ്ടാക്കിയത് വലിയ നഗരങ്ങളിലെ ബിസിനസ്സുകാർ മാത്രമാണെന്നും, വ്യവസായ മേഖലകളിലെ സാധാരണക്കാർക്ക് തിരിച്ചടിയാണ് ഉണ്ടായതെന്നും വിശ്വസിച്ച ഒരു വലിയ വിഭാഗം ജനങ്ങൾ ഭരണകൂടത്തോടുള്ള പ്രതിഷേധമായാണ് ബ്രെക്സിറ്റിനെ കണ്ടത്.
ബ്രെക്സിറ്റിന്റെ ഉറവിടം
ബ്രെക്സിറ്റ് എന്ന ആശയം ഒറ്റയടിക്ക് ഒരാൾ മുന്നോട്ടുവെച്ചതല്ല. പതിറ്റാണ്ടുകളായി ബ്രിട്ടീഷ് രാഷ്ട്രീയത്തിൽ യൂറോപ്യൻ യൂണിയൻ വിരുദ്ധ വികാരം നിലനിന്നിരുന്നു. എന്നാൽ ഈ ആശയത്തെ മുഖ്യധാരയിലേക്ക് കൊണ്ടുവന്നതിലും അത് ഒരു ഹിതപരിശോധനയിലേക്ക് എത്തിച്ചതിലും പ്രധാന പങ്കുവഹിച്ച ഘടകങ്ങൾ ഏറെയാണ്.
1990-കളിൽ രൂപീകൃതമായ യുകെ ഇൻഡിപെൻഡൻസ് പാർട്ടി യൂറോപ്യൻ യൂണിയനിൽ നിന്ന് ബ്രിട്ടൻ പുറത്തുപോകണം എന്ന് ആദ്യകാലം മുതലേ ശക്തമായി വാദിച്ചവരാണ്. നൈജൽ ഫാരേജ് ആയിരുന്നു ഈ പാർട്ടിയുടെ ഏറ്റവും പ്രമുഖനായ നേതാവ്. വർഷങ്ങളോളം അദ്ദേഹം നടത്തിയ ശക്തമായ പ്രചാരണങ്ങൾ പൊതുജനാഭിപ്രായത്തെ കാര്യമായി സ്വാധീനിച്ചു.
കൺസർവേറ്റീവ് പാർട്ടിയിലെ തന്നെ യൂറോപ്യൻ യൂണിയൻ വിരുദ്ധരായ ഒരു വലിയ വിഭാഗം നേതാക്കൾ ബ്രെക്സിറ്റിനായി കടുത്ത സമ്മർദം ചെലുത്തിയിരുന്നു. ബോറിസ് ജോൺസൺ, മൈക്കൽ ഗോവ് തുടങ്ങിയ പ്രമുഖ നേതാക്കൾ ഇതിന് നേതൃത്വം നൽകി.
2013-ൽ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഡേവിഡ് കാമറൂൺ ആണ് ബ്രെക്സിറ്റ് ഹിതപരിശോധന നടത്തുമെന്ന് പ്രഖ്യാപിച്ചത്. കൺസർവേറ്റീവ് പാർട്ടിയിലെ ആഭ്യന്തര കലഹം അവസാനിപ്പിക്കാനും, യൂറോപ്യൻ യൂണിയൻ വിരുദ്ധ വികാരം തണുപ്പിക്കാനുമാണ് അദ്ദേഹം ഇത്തരമൊരു ഹിതപരിശോധന പ്രഖ്യാപിച്ചത്.
ഹിതപരിശോധനയിൽ 'യൂറോപ്യൻ യൂണിയനിൽ തുടരുക' എന്ന പക്ഷത്തായിരുന്നു ഡേവിഡ് കാമറൂൺ നിലയുറപ്പിച്ചിരുന്നത്. എന്നാൽ ഫലം വന്നപ്പോൾ 'പുറത്തുപോകുക' എന്ന പക്ഷം വിജയിച്ചു. ഇതിന് പിന്നാലെയാണ് അദ്ദേഹം രാജി പ്രഖ്യാപിച്ചത്.
കുഴഞ്ഞുമറിയലുകളുടെ കാലം
2016-ൽ ബ്രെക്സിറ്റ് ഹിതപരിശോധനയ്ക്ക് ശേഷം ഡേവിഡ് കാമറൂൺ അധികാരമൊഴിഞ്ഞതോടെ യുകെ വലിയൊരു രാഷ്ട്രീയ അനിശ്ചിതത്വത്തിന്റെ ചുഴിയിലേക്കാണ് വീണത്. ആ കാലഘട്ടം ബ്രിട്ടീഷ് രാഷ്ട്രീയത്തിലെ 'കുഴഞ്ഞു മറിയലുകളുടെ കാലം' എന്ന് വിശേഷിപ്പിക്കാം. പിൻഗാമിയായി വന്ന തെരേസ മേ ബ്രെക്സിറ്റ് ചർച്ചകളിലെ തടസങ്ങൾ കാരണം പതറിയപ്പോൾ, തുടർന്ന് വന്ന ബോറിസ് ജോൺസന്റെ കാലം വിവാദങ്ങൾ കൊണ്ട് നിറഞ്ഞു.
ഭരണകൂടങ്ങൾ മാറിമാറി വന്നെങ്കിലും, ബ്രെക്സിറ്റിന്റെ പ്രത്യാഘാതങ്ങളും സാമ്പത്തിക പ്രതിസന്ധികളും രാഷ്ട്രീയ സ്ഥിരതയെ നിരന്തരം തകർത്തു. ഒരു ദശാബ്ദത്തിനിടെ അഞ്ച് പ്രധാനമന്ത്രിമാരുടെ അകാലത്തിലുള്ള പടിയിറക്കവും, തുടർന്ന് കെയർ സ്റ്റാർമറിന്റെ രാജിയും എല്ലാം കൂടി ചേർന്നപ്പോൾ ബ്രിട്ടൻ ലോകത്തിന് മുന്നിൽ ഒരു രാഷ്ട്രീയ പരീക്ഷണശാലയായി മാറി.
ഋഷി സുനകിന്റെ കടന്നുവരവ്
തെരേസ മേയ്ക്കും ബോറിസ് ജോൺസനും ലിസ് ട്രസിനും ശേഷം, യുകെയുടെ സാമ്പത്തിക പ്രതിസന്ധികൾക്കിടയിലേക്കാണ് ഋഷി സുനക് അധികാരമേറ്റെടുക്കുന്നത്. ബോറിസ് ജോൺസന്റെ ഭരണകാലത്തെ സാമ്പത്തിക നയങ്ങളിൽ പ്രധാന പങ്ക് വഹിച്ചിരുന്ന സുനക്, ലിസ് ട്രസിന്റെ ഹ്രസ്വകാല ഭരണത്തെത്തുടർന്നുണ്ടായ കടുത്ത സാമ്പത്തിക അസ്ഥിരതയ്ക്ക് പരിഹാരം കാണുമെന്ന വലിയ പ്രതീക്ഷയോടെയാണ് 2022 ഒക്ടോബറിൽ പ്രധാനമന്ത്രി സ്ഥാനത്ത് എത്തുന്നത്.
യുകെയുടെ ചരിത്രത്തിലെ ആദ്യത്തെ ഏഷ്യൻ വംശജനായ പ്രധാനമന്ത്രി എന്ന നിലയിൽ അദ്ദേഹം വലിയ ശ്രദ്ധ നേടിയിരുന്നെങ്കിലും, ജീവിതച്ചെലവ് വർധനവും സാമ്പത്തിക മാന്ദ്യവും അടക്കമുള്ള വലിയ വെല്ലുവിളികൾ അദ്ദേഹത്തിന്റെ ഭരണത്തെയും പ്രതിസന്ധിയിലാക്കി. തുടർച്ചയായ രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കിടയിൽ യുകെയെ സ്ഥിരതയിലേക്ക് നയിക്കാൻ ശ്രമിച്ചെങ്കിലും, ഭരണവിരുദ്ധ വികാരങ്ങളും പാർട്ടിയിലെ അതൃപ്തികളും അദ്ദേഹത്തിന്റെ ഭരണത്തിനും തടസമായി മാറി.
ഭാവി ഇന്നും അനിശ്ചിതം
ചുരുക്കത്തിൽ, കഴിഞ്ഞ ഒരു ദശാബ്ദം ബ്രിട്ടീഷ് രാഷ്ട്രീയത്തെ സംബന്ധിച്ചിടത്തോളം അസ്ഥിരതയുടെയും അനിശ്ചിതത്വത്തിന്റെയും കാലഘട്ടമാണ്. ബ്രെക്സിറ്റ് ഹിതപരിശോധനയോടെ ആരംഭിച്ച ഈ രാഷ്ട്രീയ പ്രതിസന്ധി, തുടർച്ചയായുള്ള നേതൃമാറ്റങ്ങളിലൂടെ രാജ്യത്തിന്റെ ഭരണസ്ഥിരതയെ തന്നെ ചോദ്യം ചെയ്തിരിക്കുന്നു. വെറും പത്ത് വർഷത്തിനിടെ ആറ് പ്രധാനമന്ത്രിമാർ പടിയിറങ്ങേണ്ടി വന്നത് യുകെയുടെ സാമൂഹിക-സാമ്പത്തിക വ്യവസ്ഥയിലുണ്ടായ ആഴത്തിലുള്ള വിള്ളലുകളുടെ പ്രതിഫലനമാണ്.
കെയർ സ്റ്റാർമറിന്റെ രാജി ഈ പരമ്പരയിലെ ഏറ്റവും പുതിയ അദ്ധ്യായം മാത്രമാണ്. സ്ഥിരതയാർന്ന ഒരു നേതൃത്വത്തിനായി കാത്തിരിക്കുന്ന ബ്രിട്ടീഷ് ജനതയുടെ മുന്നിലേക്ക്, ഒരു പുതിയ നേതൃത്വം എത്തുമ്പോൾ പഴയ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ അവർക്ക് സാധിക്കുമോ എന്നത് വരും നാളുകളിൽ കണ്ടറിയേണ്ട ഒന്നാണ്.
National
മുംബൈ: മുംബൈയിലെ പ്രശസ്തമായ 'ഒളിമ്പിയ കോഫി ഹൗസിൽ' ഹോളിവുഡ് താരനിരയുടെ അപ്രതീക്ഷിത സന്ദർശനം. പ്രശസ്ത സംവിധായകൻ ക്രിസ്റ്റഫർ നോളനും താരങ്ങളായ ടോം ഹോളണ്ടും മാറ്റ് ഡാമണും മുംബൈയിലെത്തിയപ്പോൾ തെരഞ്ഞെടുത്തത് 108 വർഷം പഴക്കമുള്ള ഈ കഫേയിലെ ചായയും ബൺ മസ്കയും.
പുതിയ ചിത്രമായ ഒഡിസ്സിയുടെ ഭാഗമായി ഇന്ത്യയിലെത്തിയതായിരുന്നു ഇവർ. കഫേയിൽ വളരെ സാധാരണക്കാരെപ്പോലെ വന്നിരുന്ന ഇവരെ ആദ്യം ജീവനക്കാർക്ക് തിരിച്ചറിയാനായില്ല. പിന്നീട് ഇന്റർനെറ്റിൽ തിരഞ്ഞപ്പോഴാണ് വന്നത് ഹോളിവുഡിലെ വമ്പൻ താരങ്ങളാണെന്ന് കഫേ മാനേജർ ഇനായത്ത് മരേദിയ തിരിച്ചറിഞ്ഞത്.
കഫേയ്ക്ക് പുറത്ത് ആരാധകർ തടിച്ചുകൂടിയതോടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് പിന്നീട് താരങ്ങൾ മടങ്ങിയത്. ലളിതമായ ഈ ഇന്ത്യൻ വിഭവങ്ങൾ ആസ്വദിക്കുന്ന ഹോളിവുഡ് താരങ്ങളുടെ ചിത്രങ്ങൾ ഇതിനകം സാമൂഹിക മാധ്യമങ്ങളിൽ തരംഗമായിക്കഴിഞ്ഞു.
National
ഭോപ്പാൽ: മധ്യപ്രദേശ് മന്ത്രിസഭയിൽ അപ്രതീക്ഷിത അഴിച്ചുപണി. മൃഗസംരക്ഷണ വകുപ്പ് മന്ത്രി ലഖൻ പട്ടേലിനെ ആ വകുപ്പിൽ നിന്ന് നീക്കി 'ഹാപ്പിനസ്' (ആനന്ദ്) വകുപ്പിലേക്ക് മാറ്റി. ചൊവ്വാഴ്ച വൈകിട്ടാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങിയത്. മൃഗസംരക്ഷണ വകുപ്പിന്റെ അധികച്ചുമതല മുഖ്യമന്ത്രി മോഹൻ യാദവ് നേരിട്ട് ഏറ്റെടുത്തു.
മന്ത്രിമാരുടെ പ്രവർത്തനക്ഷമത വിലയിരുത്തുന്നതിനായി മുഖ്യമന്ത്രി നടത്തിയ അവലോകന യോഗങ്ങൾക്ക് തൊട്ടുപിന്നാലെയാണ് ഈ നടപടി. കന്നുകാലി സംരക്ഷണ കേന്ദ്രങ്ങൾ ആരംഭിക്കുന്നതിലെ വീഴ്ചയാണ് മന്ത്രി ലഖൻ പട്ടേലിന് തിരിച്ചടിയായതെന്നാണ് സൂചന. ഈ നീക്കത്തോടെ സംസ്ഥാനത്ത് വരും ദിവസങ്ങളിൽ കൂടുതൽ മന്ത്രിസഭാ പുനഃസംഘടന ഉണ്ടാകുമെന്ന അഭ്യൂഹവും ശക്തമായിട്ടുണ്ട്.
National
ന്യൂഡൽഹി: പാർലമെന്റിന്റെ വർഷകാല സമ്മേളനം ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയിൽ ബിജെപി ഉന്നതതല യോഗം ചേർന്നു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ, ദേശീയ ജനറൽ സെക്രട്ടറി (ഓർഗനൈസേഷൻ) ബി.എൽ. സന്തോഷ് തുടങ്ങിയ പ്രമുഖ നേതാക്കൾ യോഗത്തിൽ പങ്കെടുത്തു.
ഈ മാസം 20-ന് ആരംഭിച്ച് ഓഗസ്റ്റ് 13 വരെ നീണ്ടുനിൽക്കുന്നതാണ് പാർലമെന്റ് വർഷകാല സമ്മേളനം. യോഗത്തിൽ ചർച്ച ചെയ്ത കാര്യങ്ങളെക്കുറിച്ച് ഔദ്യോഗിക വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ലെങ്കിലും, വരാനിരിക്കുന്ന പാർലമെന്റ് സമ്മേളനത്തിലെ തന്ത്രങ്ങൾ, ബിജെപി ദേശീയ ഭാരവാഹികളുടെ മാറ്റം, കേന്ദ്ര മന്ത്രിസഭാ പുനഃസംഘടന എന്നിവ യോഗത്തിൽ ചർച്ചയായതായാണ് സൂചനകൾ.
സമ്മേളനത്തിൽ സ്വീകരിക്കേണ്ട പൊതുവായ തന്ത്രങ്ങൾ രൂപീകരിക്കുന്നതിനായി ജൂലൈ 21-ന് എൻഡിഎ സഖ്യകക്ഷികളുടെ പ്രത്യേക യോഗവും ചേരുന്നുണ്ട്.
Kerala
കൊച്ചി: സോളാർ തട്ടിപ്പ് കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പേഴ്സണൽ അസിസ്റ്റന്റായിരുന്ന ടെന്നി ജോപ്പന് നിയമനടപടികളിൽ നിന്ന് ആശ്വാസം. മല്ലേലിൽ ശ്രീധരൻ നായർ നൽകിയ പരാതിയിൽ രജിസ്റ്റർ ചെയ്ത കേസിൽ മൂന്നാം പ്രതിയായിരുന്നു ടെന്നി ജോപ്പൻ. ഈ കേസിൽ നിന്ന് അദ്ദേഹത്തെ ഒഴിവാക്കാൻ ഹൈക്കോടതി അനുമതി നൽകി.
കേസിൽ താൻ കരുവാക്കപ്പെടുകയായിരുന്നുവെന്നാണ് ടെന്നി ജോപ്പൻ മാധ്യമങ്ങളോട് പ്രതികരിച്ചത്. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ ക്രൂശിക്കാൻ വേണ്ടി തന്നെ കേസിൽ പെടുത്തുകയായിരുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. തനിക്ക് നീതി ലഭിച്ചതിൽ അതിയായ സന്തോഷമുണ്ടെന്നും, ഈ വിജയം താൻ ഉമ്മൻചാണ്ടിക്ക് സമർപ്പിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
സോളാർ കേസിൽ ഉമ്മൻചാണ്ടിയുടെ ഓഫീസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഏക വ്യക്തി ടെന്നി ജോപ്പനായിരുന്നു. സരിത നായർക്ക് പണം നൽകാൻ താൻ സമ്മർദ്ദം ചെലുത്തിയെന്ന മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു നേരത്തെ അദ്ദേഹത്തെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നത്. ഈ നിയമനടപടികൾ അവസാനിക്കുന്നത് കേസിലെ വലിയൊരു വഴിത്തിരിവായാണ് കണക്കാക്കപ്പെടുന്നത്.
Kerala
കോട്ടയം: മുഖ്യമന്ത്രി വി.ഡി. സതീശനുമായുള്ള കൂടിക്കാഴ്ചയ്ക്ക് അനുമതി നിഷേധിക്കപ്പെട്ടെന്ന ആരോപണത്തിൽ വിമർശനം കടുപ്പിച്ച് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. മുഖ്യമന്ത്രി തന്നെ കാണുമെന്ന് ഇനി പറയുന്നത് ഫോട്ടോയിൽ മാത്രമായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
താൻ കൂടിക്കാഴ്ചയ്ക്ക് അനുമതി തേടിയപ്പോൾ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് തിരിച്ചുവിളിച്ചിരുന്നെങ്കിലും, കാണാനുള്ള കൃത്യമായ സമയമോ തീയതിയോ അറിയിച്ചില്ലെന്നും സുകുമാരൻ നായർ ആരോപിച്ചു.
അതേസമയം, കൂടിക്കാഴ്ചയ്ക്ക് അനുമതി നിഷേധിച്ചിട്ടില്ലെന്നും, സുകുമാരൻ നായരുമായി സംസാരിച്ചിരുന്നെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ബജറ്റ് തിരക്കുകൾക്കിടയിലാണ് അദ്ദേഹം പിഎയെ വിളിച്ചതെന്നും, പിന്നീട് താൻ തിരിച്ചുവിളിച്ച് സംസാരിച്ച് കൂടിക്കാഴ്ചയ്ക്ക് സമ്മതിച്ചതാണെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. നേതാക്കളെ കാണുന്നത് പരസ്യമായിട്ടാണെന്നും, അനുമതി നിഷേധിച്ചാൽ മാത്രമാണ് അത് വാർത്തയാകേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എങ്കിലും, സുകുമാരൻ നായർ ഈ വിശദീകരണങ്ങൾ തള്ളിക്കളയുകയും, ഇനി ആരെയും കാണേണ്ടതില്ലെന്ന നിലപാട് സ്വീകരിക്കുകയുമായിരുന്നു. താൻ നേരിട്ട് പറയാൻ ഉദ്ദേശിച്ച കാര്യങ്ങൾ കഴിഞ്ഞുപോയെന്നും അദ്ദേഹം വ്യക്തമാക്കി.
Kerala
കൊച്ചി: ലഹരിവിരുദ്ധ പോരാട്ടത്തിൽ തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് കേരള സർക്കാരിനൊപ്പം കൈകോർക്കുന്നു. സംസ്ഥാന സർക്കാർ ആവിഷ്കരിച്ച 'ഓപ്പറേഷൻ തൂഫാൻ' എന്ന ലഹരിവിരുദ്ധ പദ്ധതിക്ക് പൂർണ പിന്തുണ പ്രഖ്യാപിച്ചാണ് അദ്ദേഹം കേരളത്തിലെത്തുന്നത്. കൊച്ചിയിൽ നടക്കുന്ന പ്രത്യേക പരിപാടിയിൽ കേരളത്തിന്റെ ലഹരിവിരുദ്ധ ബ്രാൻഡ് അംബാസഡറായ നടൻ മോഹൻലാലിനൊപ്പമാകും വിജയ് പങ്കെടുക്കുക.
ചെന്നൈയിൽ നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഇക്കാര്യം അറിയിച്ചത്. തമിഴ്നാട് മുഖ്യമന്ത്രിയുമായി അരമണിക്കൂറിലേറെ നീണ്ട ചർച്ചകൾ നടത്തിയിരുന്നുവെന്നും, ഓപ്പറേഷൻ തൂഫാൻ പദ്ധതിക്ക് അദ്ദേഹം പൂർണ പിന്തുണ ഉറപ്പുനൽകിയെന്നും മന്ത്രി വ്യക്തമാക്കി.
കേരള മുഖ്യമന്ത്രി വി.ഡി. സതീശൻ കൂടി പങ്കെടുക്കുന്ന രീതിയിൽ എറണാകുളത്ത് വലിയൊരു പൊതുപരിപാടി സംഘടിപ്പിക്കാനാണ് ആഭ്യന്തര വകുപ്പിന്റെ തീരുമാനം. ലഹരിക്കെതിരായ ഈ വലിയ പോരാട്ടത്തിൽ കേരളത്തോടൊപ്പം കൈകോർക്കാൻ സന്നദ്ധനായ തമിഴ്നാട് മുഖ്യമന്ത്രിക്ക് ആഭ്യന്തര മന്ത്രി പ്രത്യേകം നന്ദി രേഖപ്പെടുത്തി.
National
ഗുരുഗ്രാം: ഓൺലൈൻ ഡെലിവറി ആപ്പായ ബ്ലിങ്കിറ്റ് വഴി ഓർഡർ ചെയ്ത സാധനങ്ങൾക്കൊപ്പം വളരെ സ്വകാര്യമായ ചില ഫോട്ടോകൾ കൂടി എത്തിയതിനെത്തുടർന്ന് ഒരു യുവതിക്ക് നേരിടേണ്ടി വന്നത് കടുത്ത ആശങ്ക നിറഞ്ഞ നിമിഷങ്ങൾ. താൻ ഓർഡർ ചെയ്ത സാധനങ്ങളുടെ ബോക്സ് തുറന്നപ്പോൾ അതിനുള്ളിൽ ഉണ്ടായിരുന്ന ഫോട്ടോകൾ കണ്ട് താൻ ഞെട്ടിപ്പോയെന്നും, ആരോ തന്നെ ബ്ലാക്ക്മെയിൽ ചെയ്യാൻ മനഃപൂർവം ചെയ്തതാണോ എന്ന് ഭയന്നുപോയെന്നും യുവതി സോഷ്യൽ മീഡിയയിൽ കുറിച്ചു.
എന്നാൽ അന്വേഷണത്തിൽ ഇതിന്റെ പിന്നിലുള്ളത് വലിയൊരു ഗൂഢാലോചനയല്ല, മറിച്ച് പാക്കേജിംഗിലെ വീഴ്ചയാണെന്ന് വ്യക്തമായി. കമ്പനി പാക്കേജിംഗിനായി ഉപയോഗിച്ച ബോക്സ് പഴയതായിരുന്നു. ഇതിന് മുൻപ് ആ ബോക്സ് ഉപയോഗിച്ചിരുന്ന വ്യക്തിയുടെ സ്വകാര്യ ചിത്രങ്ങൾ അതിൽ തന്നെ അവശേഷിച്ചിരുന്നതാണ് ആശയക്കുഴപ്പത്തിന് കാരണമായത്. ബോക്സുകൾ റീസൈക്കിൾ ചെയ്തപ്പോൾ കമ്പനി അധികൃതർ അത് കൃത്യമായി പരിശോധിക്കാത്തതാണ് ഇത്തരമൊരു അബദ്ധത്തിലേക്ക് നയിച്ചത്.
National
ചെന്നൈ: സംസ്ഥാനത്തെ ലഹരിവിരുദ്ധ പോരാട്ടം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയിയുമായി കൂടിക്കാഴ്ച നടത്തുന്നു. കേരള സർക്കാർ നടപ്പിലാക്കുന്ന 'ഓപ്പറേഷൻ തൂഫാൻ: ദ നാർക്കോ ഹണ്ട്' എന്ന ലഹരിവിരുദ്ധ ദൗത്യത്തിന് തമിഴ്നാടിന്റെ പിന്തുണ തേടുകയാണ് കൂടിക്കാഴ്ചയുടെ പ്രധാന ലക്ഷ്യം.
ലഹരി മാഫിയകൾക്കെതിരെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ ഒറ്റക്കെട്ടായി നീങ്ങേണ്ടതുണ്ടെന്ന് മന്ത്രി രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു. മയക്കുമരുന്ന് മാഫിയയുടെ ശൃംഖലകൾ കണ്ടെത്തുന്നതിനും ഇവരുടെ പ്രവർത്തനം തടയുന്നതിനും ഇരു സംസ്ഥാനങ്ങളും തമ്മിലുള്ള ഏകോപനം അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം വ്യക്തമാക്കി. ജൂൺ മാസം ആരംഭിച്ച ഓപ്പറേഷൻ തൂഫാനിലൂടെ കേരളത്തിൽ ആയിരക്കണക്കിന് ആളുകളെ ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്.
പുതിയ സർക്കാരിന്റെ പ്രവർത്തനങ്ങളെയും മുഖ്യമന്ത്രി വിജയിയുടെ നേതൃപാടവത്തെയും മന്ത്രി രമേശ് ചെന്നിത്തല പ്രശംസിച്ചു. അഴിമതിരഹിതവും സുതാര്യവുമായ ഭരണമാണ് തമിഴ്നാട്ടിൽ നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നേരത്തെ കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാറുമായും രമേശ് ചെന്നിത്തല ഇതേ വിഷയത്തിൽ ചർച്ചകൾ നടത്തിയിരുന്നു. ലഹരി വിപത്തിനെ വേരോടെ പിഴുതെറിയാൻ സംസ്ഥാനങ്ങളുമായി ചേർന്ന് തുടർനടപടികൾ സ്വീകരിക്കാനാണ് കേരള സർക്കാരിന്റെ തീരുമാനം.
National
ചണ്ഡീഗഢ്: ചണ്ഡീഗഢിലെ സെക്ടർ 26-ൽ മെഴ്സിഡസ് കാർ മനഃപൂർവം ഓടിച്ചുകയറ്റി ആക്രമണം. സംഭവത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. കാർ ദേഹത്തു കയറിയിട്ടും നിസാര പരിക്കുകളോടെ ഒരാൾ എഴുന്നേറ്റ് നടന്നുപോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. ശനിയാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്.
സെക്ടർ 26 ബാബുധാം കോളനി സ്വദേശിയായ അമൻജത്, സെക്ടർ 44 സ്വദേശിയായ അലൻസ് പ്രീത് എന്നിവർക്കാണ് പരിക്കേറ്റത്. ക്ലബ്ബിൽ നിന്ന് പുറത്തിറങ്ങുമ്പോഴാണ് അതിവേഗതയിലെത്തിയ മെഴ്സിഡസ് ഇവരെ ഇടിച്ചുതെറിപ്പിച്ചത്. കാർ ഒരാളുടെ മുകളിലൂടെ കയറിയിറങ്ങിയെങ്കിലും സെക്കൻഡുകൾക്കുള്ളിൽ ഇയാൾ എഴുന്നേറ്റ് നടന്നുപോകുന്നതും ദൃശ്യങ്ങളിൽ കാണാം.
സംഭവം നടന്നയുടനെ സെക്ടർ 26 പോലീസ് സ്ഥലത്തെത്തി പരിക്കേറ്റവരെ സർക്കാർ ആശുപത്രിയായ ജിഎംസിഎച്ച്-32-ൽ പ്രവേശിപ്പിച്ചു. ഇവർ ചികിത്സയിൽ തുടരുകയാണ്. സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്. സ്ഥലത്തെ സിസിടിവി ദൃശ്യങ്ങളും സാങ്കേതിക തെളിവുകളും ഉപയോഗിച്ച് കാർ ഡ്രൈവറെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ പോലീസ് ഊർജിതമാക്കി. പ്രതിയെ ഉടൻ പിടികൂടുമെന്നും പോലീസ് അധികൃതർ വ്യക്തമാക്കി.
Sports
മയാമി: ഫിഫ ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ നോർവേയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തി ഇംഗ്ലണ്ട് സെമി ഫൈനലിലേക്ക് മുന്നേറി. ഒരു ഗോളിന് പിന്നിൽ നിന്ന ശേഷം ജൂഡ് ബെല്ലിംഗ്ഹാമിന്റെ ഇരട്ട ഗോളുകളുടെ കരുത്തിലാണ് ഇംഗ്ലണ്ട് ആവേശകരമായ വിജയം നേടിയത്.
മത്സരത്തിന്റെ 40-ാം മിനിറ്റിൽ ആന്ദ്രിയാസ് ഷെൽഡെറൂപിലൂടെയാണ് നോർവേ മുന്നിലെത്തിയത്. ഇംഗ്ലണ്ട് ക്യാപ്റ്റൻ ഹാരി കെയ്നിന് പന്ത് നഷ്ടപ്പെട്ടതിനെത്തുടർന്ന് ലഭിച്ച അവസരം മുതലെടുത്ത് ബോക്സിന്റെ അരികിൽ നിന്ന് ഷെൽഡെറൂപ്പ് തൊടുത്ത ശക്തമായ ഷോട്ട് ഇംഗ്ലണ്ട് ഗോൾകീപ്പർ ജോർദാൻ പിക്ഫോർഡിനെ മറികടന്ന് വലയിലെത്തി.
എന്നാൽ, ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ തന്നെ ഇംഗ്ലണ്ട് തിരിച്ചടിച്ചു. നോർവേയുടെ പ്രതിരോധം മറികടന്ന് ബോക്സിലേക്ക് ഇരച്ചുകയറിയ ജൂഡ് ബെല്ലിംഗ്ഹാം ഇടംകാലുകൊണ്ട് പന്ത് വലയിലാക്കി ഇംഗ്ലണ്ടിന് സമനില സമ്മാനിച്ചു. ഇതിനിടെ ഹാരി കെയ്ൻ ഒരു ഗോൾ നേടിയെങ്കിലും ഓഫ്സൈഡ് വിളിച്ചതിനെത്തുടർന്ന് അത് അനുവദിച്ചില്ല.
മത്സരം 90 മിനിറ്റ് പിന്നിട്ടിട്ടും ഇരുടീമുകളും 1-1 എന്ന നിലയിൽ സമനില പാലിച്ചതോടെ മത്സരം എക്സ്ട്രാ ടൈമിലേക്ക് നീണ്ടു. എക്സ്ട്രാ ടൈമിന്റെ 93-ാം മിനിറ്റിൽ ബെല്ലിംഗ്ഹാം വീണ്ടും ഇംഗ്ലണ്ടിന്റെ രക്ഷകനായി. നോർവേ ഗോൾകീപ്പറുടെ പിഴവ് മുതലെടുത്ത് ബെല്ലിംഗ്ഹാം നേടിയ തകർപ്പൻ ഗോൾ ഇംഗ്ലണ്ടിന് സെമി ഫൈനലിലേക്കുള്ള ടിക്കറ്റ് ഉറപ്പാക്കി.
National
അമൃത്സർ: അകാൽ തക്ത് സാഹിബിനെയും മറ്റ് സിഖ് മതസ്ഥാപനങ്ങളെയും ലക്ഷ്യമാക്കി സംഘടിതമായ സോഷ്യൽ മീഡിയ പ്രചാരണം നടത്തുന്നുവെന്ന ആരോപണവുമായി അകാൽ തക്ത് ജതേദാർ ഗ്യാനി കുൽദീപ് സിംഗ് ഗർഗജ് രംഗത്ത്. പഞ്ചാബ് സർക്കാരിന്റെ കീഴിൽ പ്രവർത്തിക്കുന്ന രണ്ട് ഐടി സെൽ ഓഫീസുകൾ പത്തു ദിവസത്തിനുള്ളിൽ അടച്ചുപൂട്ടണമെന്നാണ് ജതേദാർ നൽകിയിരിക്കുന്ന കർശന നിർദേശം.
അമൃത്സറിലെ സുവർണക്ഷേത്രത്തിൽ ശിരോമണി ഗുരുദ്വാര പ്രബന്ധക് കമ്മിറ്റി വിളിച്ചുചേർത്ത പന്തിക് യോഗത്തിൽ സംസാരിക്കവെയാണ് അദ്ദേഹം ഈ മുന്നറിയിപ്പ് നൽകിയത്. മുഖ്യമന്ത്രി ഭഗവന്ത് മന്നുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കും അകാൽ തക്ത് പാസാക്കിയ പ്രമേയങ്ങൾക്കും പിന്നാലെയാണ് ഇരുപക്ഷവും തമ്മിലുള്ള പോര് രൂക്ഷമായത്.
മൊഹാലിയിലും ചണ്ഡീഗഢിലുമായി പ്രവർത്തിക്കുന്ന രണ്ട് കേന്ദ്രങ്ങൾ കേന്ദ്രീകരിച്ചാണ് സിഖ് മതസ്ഥാപനങ്ങളെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ സംഘടിതമായ സോഷ്യൽ മീഡിയ പ്രചാരണം നടക്കുന്നതെന്ന് ജതേദാർ ആരോപിച്ചു. ഭരണത്തിലിരിക്കുന്ന ആം ആദ്മി പാർട്ടിയാണ് ഇതിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു.
പത്തു ദിവസത്തിനുള്ളിൽ ഈ കേന്ദ്രങ്ങൾ അടച്ചുപൂട്ടണമെന്നും, അല്ലാത്തപക്ഷം സിഖ് പന്ത് നേരിട്ട് നടപടി സ്വീകരിക്കുമെന്നും ഗർഗജ് മുന്നറിയിപ്പ് നൽകി. മതപരമായ സംഘടനകളുടെയും സിഖ് പ്രസ്ഥാനങ്ങളുടെയും പ്രതിനിധികൾ പങ്കെടുത്ത യോഗത്തിലാണ് ഈ തീരുമാനമുണ്ടായത്. മതനേതൃത്വവും സർക്കാർ സംവിധാനവും തമ്മിലുള്ള തർക്കം ഇതോടെ പുതിയ തലത്തിലേക്ക് കടന്നിരിക്കുകയാണ്.
മുഖ്യമന്ത്രി ഭഗവന്ത് മന്നുമായുള്ള തർക്കങ്ങൾ നിലനിൽക്കെ, അകാൽ തക്ത് ജതേദാറിന്റെ ഈ പരസ്യമായ വെല്ലുവിളി പഞ്ചാബ് രാഷ്ട്രീയത്തിൽ വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. പത്ത് ദിവസത്തെ കാലാവധിക്ക് ശേഷം സർക്കാർ എന്ത് നിലപാട് സ്വീകരിക്കുമെന്നത് ഉറ്റുനോക്കുകയാണ് രാഷ്ട്രീയ നിരീക്ഷകർ.
National
പാറ്റ്ന: ബിഹാറിലെ ബങ്കിപ്പൂർ നിയമസഭാ മണ്ഡലത്തിൽ നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ, പ്രശാന്ത് കിഷോർ താൻ രൂപീകരിച്ച 'ജൻ സൂരജ് പാർട്ടി'യുടെ സ്ഥാനാർത്ഥിയായി മത്സരിക്കും. ബിഹാർ രാഷ്ട്രീയത്തിൽ വലിയ കോളിളക്കം സൃഷ്ടിച്ചുകൊണ്ടാണ് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് നേരിട്ട് ഇറങ്ങാനുള്ള പ്രശാന്ത് കിഷോറിന്റെ തീരുമാനം.
ബിജെപിയുടെ ഉറച്ച കോട്ടയായി അറിയപ്പെടുന്ന മണ്ഡലമാണ് ബങ്കിപ്പൂർ. ഇവിടെ സിറ്റിംഗ് എംഎൽഎ ബിജെപിയുടെ നിതിൻ നബിനാണ്. 2025-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ആർജെഡിയുടെ രേഖാ കുമാരിയെ 51,000-ത്തിലധികം വോട്ടുകൾക്കാണ് നിതിൻ നബിൻ പരാജയപ്പെടുത്തിയത്. അന്ന് ജൻ സൂരജ് പാർട്ടി സ്ഥാനാർത്ഥിയായി മത്സരിച്ച വന്ദന കുമാരി 7,717 വോട്ടുകളുമായി മൂന്നാം സ്ഥാനത്തെത്തിയിരുന്നു.
പാർട്ടി വൃത്തങ്ങൾ നൽകുന്ന വിവരമനുസരിച്ച്, പ്രശാന്ത് കിഷോറിന്റെ രാഷ്ട്രീയ പരീക്ഷണങ്ങളുടെ ഔദ്യോഗിക തുടക്കമാകും ഈ മത്സരം. സംസ്ഥാനത്തെ ഭരണ-പ്രതിപക്ഷ കക്ഷികൾക്ക് ബദലായി ജൻ സൂരജ് പാർട്ടിയെ ഉയർത്തിക്കാട്ടാനാണ് അദ്ദേഹം ശ്രമിക്കുന്നത്. യുവാക്കൾക്കും തൊഴിലില്ലായ്മയ്ക്കും മുൻഗണന നൽകുന്ന പ്രചാരണമായിരിക്കും തന്റേതെന്ന് അദ്ദേഹം മുൻപ് സൂചിപ്പിച്ചിരുന്നു.
മുൻപ് വിവിധ രാഷ്ട്രീയ പാർട്ടികളുടെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞനായി പ്രവർത്തിച്ച പ്രശാന്ത് കിഷോർ, ഇപ്പോൾ സ്വന്തം പാർട്ടിയിലൂടെ അധികാരം പിടിക്കാനുള്ള ശ്രമത്തിലാണ്. ബങ്കിപ്പൂർ മണ്ഡലത്തിലെ സ്ഥാനാർത്ഥിത്വം പാർട്ടിയുടെ അടിത്തറ വിപുലീകരിക്കാനും, ബിഹാറിലെ രാഷ്ട്രീയ സമവാക്യങ്ങൾ മാറ്റിമറിക്കാനും സഹായിക്കുമെന്നാണ് ജൻ സൂരജ് പാർട്ടിയുടെ കണക്കുകൂട്ടൽ.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക പ്രഖ്യാപനത്തിന് ശേഷം സ്ഥാനാർത്ഥിത്വം സംബന്ധിച്ച കൂടുതൽ വിശദാംശങ്ങൾ പാർട്ടി പുറത്തുവിടും. ബിഹാറിലെ രാഷ്ട്രീയ മണ്ഡലങ്ങളിൽ ഈ പ്രഖ്യാപനം വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്.
National
ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ നിർബന്ധിത ഇ20 എഥനോൾ ബ്ലെൻഡഡ് പെട്രോൾ നയത്തിനെതിരെ രൂക്ഷമായ വിമർശനവുമായി സാമൂഹിക പ്രവർത്തകൻ തെഹ്സീൻ പൂനവാല രംഗത്ത്. കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന ഈ നയം സാധാരണക്കാരായ വാഹന ഉടമകളെ വഞ്ചിക്കുന്നതാണെന്നും, ഇത് സ്വന്തം കുടുംബാംഗങ്ങളുടെ നേട്ടം മാത്രം ലക്ഷ്യമിട്ടുള്ള 'ബേഠാ ബഢാവോ'ആന്ദോളനാണെന്നും പൂനവാല ആരോപിച്ചു.
ഡൽഹി ജന്തർ മന്ദറിൽ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിക്കിടെയാണ് അദ്ദേഹം ഈ പരാമർശം നടത്തിയത്. വാഹന ഉപയോക്താക്കൾക്ക് തങ്ങളുടെ വാഹനങ്ങളിൽ ഏത് ഇന്ധനം ഉപയോഗിക്കണം എന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരിക്കണം. എന്നാൽ, യാതൊരു മുൻകരുതലോ സുതാര്യതയോ ഇല്ലാതെ ഇ20 പെട്രോൾ അടിച്ചേൽപ്പിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ഇത് വാഹനങ്ങളുടെ എൻജിനുകൾക്ക് വലിയ കേടുപാടുകൾ വരുത്തുകയും മൈലേജ് ഗണ്യമായി കുറയ്ക്കുകയും ചെയ്യുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
എഥനോൾ ഉത്പാദന മേഖലയിൽ വൻകിടക്കാർക്ക് ലാഭമുണ്ടാക്കാൻ വേണ്ടിയാണ് സർക്കാർ ഇത്തരമൊരു നയം തിരക്കിട്ട് നടപ്പിലാക്കുന്നതെന്നും, ഇതിന്റെ യഥാർത്ഥ ഗുണഭോക്താക്കൾ സാധാരണക്കാരല്ലെന്നും പൂനവാല പറഞ്ഞു. സർക്കാരിന്റെ ഈ നയത്തിനെതിരെ പോലീസ് നിയന്ത്രണങ്ങൾ വകവെക്കാതെ ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്നും, ആവശ്യമെങ്കിൽ മന്ത്രിയുടെ വസതിക്ക് മുന്നിലേക്ക് പ്രതിഷേധം മാറ്റുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. 'ഹമാരാ ഗാഢി, ഹമാര ഹഖ്' (നമ്മുടെ വാഹനം നമ്മുടെ അവകാശം) എന്ന പ്രതിഷേധ പ്ലക്കാർഡുകളും ഉയർത്തിയാണ് ഇവരുടെ സമരം.
National
അമൃത്സർ: പഞ്ചാബിലെ തരണ് തരണില് കുടുംബവഴക്കിനെത്തുടർന്ന് യുവാവിനെ സഹോദരൻ പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തി. ജൂൺ 13-നാണ് ദാരുണമായ സംഭവം. അമൃത്സറിലെ ലോപോക് ഗ്രാമവാസിയായ ലവ്പ്രീത് സിംഗാണ് മരിച്ചത്. ഭാര്യ സന്ദീപ് കൗറിനെ അനുനയിപ്പിച്ച് വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകാൻ ഭാര്യവീട്ടിലെത്തിയതായിരുന്നു ലവ്പ്രീത്.
സന്ദീപ് കൗറിന്റെ സഹോദരൻ സജൻ സിംഗുമായുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. തർക്കത്തിനിടെ സജൻ സിംഗ് ലവ്പ്രീതിന്റെ ദേഹത്ത് പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു. ലവ്പ്രീതിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ സജൻ സിംഗിന്റെ ഭാര്യ ഗുർജിത് കൗറിന്റെ ദേഹത്തും തീ പടർന്നു. ഗുരുതരമായി പൊള്ളലേറ്റ ലവ്പ്രീത് സംഭവസ്ഥലത്ത് വെച്ചും, ദിവസങ്ങൾക്ക് ശേഷം ചികിത്സയിലിരിക്കെ ഗുർജിത് കൗറും മരണത്തിന് കീഴടങ്ങി.
പ്രതിയായ സജൻ സിംഗിനും ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്, ഇയാൾ ഇപ്പോൾ പോലീസ് കസ്റ്റഡിയിൽ ചികിത്സയിലാണ്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് ക്രൂരമായ കൊലപാതകത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തറിയുന്നത്. സംഭവത്തിൽ സജൻ സിംഗിനെതിരെയും സന്ദീപ് കൗറിനെതിരെയും പോലീസ് കൊലക്കുറ്റത്തിന് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്.
International
ടെഹ്റാൻ: ഇറാൻ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനയ്യുടെ സംസ്കാരച്ചടങ്ങുകൾ ടെഹ്റാനിലെ ഇമാം ഖുമൈനി ഗ്രാൻഡ് മൊസല്ലയിൽ നടന്നു. ചടങ്ങിൽ അലി ഖമനയ്യുടെ മക്കളായ മൊസ്തഫ, മെയിസം, മസൂദ് ഖമനയ് എന്നിവർ പങ്കെടുത്തു. പിതാവിന്റെ മൃതദേഹ പേടകം വഹിച്ചുകൊണ്ട് ഇവർ പ്രാർത്ഥനകളിൽ പങ്കുചേരുന്നതിന്റെ ദൃശ്യങ്ങൾ ഇറാൻ സ്റ്റേറ്റ് ടെലിവിഷൻ പുറത്തുവിട്ടു.
അതേസമയം, ഖമനയ്യുടെ പിൻഗാമിയായി അധികാരമേൽക്കാൻ സാധ്യതയുള്ളവരിൽ പ്രധാനിയായി കണക്കാക്കപ്പെടുന്ന മകൻ മൊജ്തബ ഖമനയ്യുടെ അസാന്നിധ്യം വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. അദ്ദേഹത്തെ ചടങ്ങിൽ കാണാത്തത് എന്തെന്നത് സംബന്ധിച്ച് ഔദ്യോഗിക പ്രതികരണങ്ങളൊന്നും ലഭ്യമല്ല.
National
ലക്നോ: അയോധ്യയിലെ ശ്രീരാമ ജന്മഭൂമി ക്ഷേത്രത്തിൽ നടന്നതായി പറയപ്പെടുന്ന സംഭാവന തട്ടിപ്പ് കേസിൽ, പ്രതിപക്ഷ നേതാക്കളുടെ മൊഴിയെടുക്കണമെന്ന ആവശ്യവുമായി വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി) രംഗത്ത്. ഇതുസംബന്ധിച്ച കത്ത് വിഎച്ച്പി പ്രത്യേക അന്വേഷണ സംഘത്തിന് (എസ്ഐടി) കൈമാറി. പ്രിയങ്ക ഗാന്ധി വദ്ര, അരവിന്ദ് കെജ്രിവാൾ, സഞ്ജയ് സിംഗ്, രാം ഗോപാൽ യാദവ് തുടങ്ങിയ പ്രമുഖ പ്രതിപക്ഷ നേതാക്കളെ ചോദ്യം ചെയ്യണമെന്നാണ് വിഎച്ച്പിയുടെ ആവശ്യം.
ക്ഷേത്രത്തിലെ സാമ്പത്തിക ക്രമക്കേടുകളെക്കുറിച്ച് ഈ നേതാക്കൾ പലതവണ പരസ്യമായി ആരോപണങ്ങൾ ഉന്നയിച്ചിട്ടുണ്ട്. ഈ ആരോപണങ്ങൾ കേസിനെക്കുറിച്ചുള്ള വ്യക്തമായ ധാരണ അവർക്കുണ്ടെന്നതിന്റെ തെളിവാണെന്നും, അതിനാൽ അന്വേഷണത്തിന്റെ ഭാഗമായി ഇവരുടെ മൊഴികൾ രേഖപ്പെടുത്തേണ്ടത് അത്യന്താപേക്ഷിതമാണെന്നും വിഎച്ച്പി ചൂണ്ടിക്കാട്ടുന്നു. തങ്ങൾ ഉന്നയിച്ച ആരോപണങ്ങൾക്ക് പിന്നിലെ തെളിവുകളും വിവരങ്ങളുടെ ഉറവിടവും ഹാജരാക്കാൻ ഇവർ ബാധ്യസ്ഥരാണെന്ന് വിഎച്ച്പി കത്തിൽ വ്യക്തമാക്കി.
അതേസമയം, അടിസ്ഥാനരഹിതമായാണ് ആരോപണങ്ങൾ ഉന്നയിക്കുന്നതെങ്കിൽ ബന്ധപ്പെട്ട നേതാക്കൾക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കണമെന്നും എസ്ഐടിയോട് സംഘടന ആവശ്യപ്പെട്ടിട്ടുണ്ട്. ഈ വിഷയത്തിൽ കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി വദ്ര നേരത്തെ ശക്തമായ വിമർശനം ഉന്നയിച്ചിരുന്നു. രാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പ് "ദയനീയവും ലജ്ജാകരവും" ആണെന്നായിരുന്നു പ്രിയങ്കയുടെ പ്രതികരണം. വിശ്വാസത്തോടെ രാജ്യത്തെ ജനങ്ങൾ നൽകിയ സംഭാവനകൾ തട്ടിയെടുക്കപ്പെട്ടത് ഗൗരവകരമാണെന്നും, സർക്കാർ സംഭവത്തിൽ ഉന്നതതല അന്വേഷണം നടത്തണമെന്നും അവർ ആവശ്യപ്പെട്ടു.
National
കോൽക്കത്ത: ആഗോള പാസ്പോർട്ട് റാങ്കിംഗിൽ ഇന്ത്യയുടെ സ്ഥാനം വീണ്ടും താഴേക്ക്. 'ഗ്ലോബൽ സിറ്റിസൺ സൊല്യൂഷൻസ്' പുറത്തുവിട്ട 2026-ലെ പട്ടിക പ്രകാരം ഇന്ത്യ 125-ാം സ്ഥാനത്താണ്. കഴിഞ്ഞ വർഷം 124-ാം സ്ഥാനത്തായിരുന്ന ഇന്ത്യയുടെ സ്ഥാനം കൂടുതൽ പിന്നിലേക്ക് പോയത് യാത്രാ പ്രേമികൾക്കിടയിലും രാഷ്ട്രീയ വൃത്തങ്ങളിലും വലിയ ചർച്ചയായിട്ടുണ്ട്.
മറ്റ് പല പാസ്പോർട്ട് സൂചികകളും വിസ രഹിത യാത്രാ സൗകര്യങ്ങളെ മാത്രം അടിസ്ഥാനമാക്കുമ്പോൾ, ഈ റാങ്കിംഗ് കൂടുതൽ സമഗ്രമായ സമീപനമാണ് സ്വീകരിക്കുന്നത്. ഇന്ത്യയുടെ മൊത്തത്തിലുള്ള സ്കോർ കഴിഞ്ഞ അഞ്ച് വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിലാണെങ്കിലും, അന്താരാഷ്ട്ര യാത്രാ സൗകര്യം എന്ന ഘടകത്തിൽ ഇന്ത്യ 136-ാം സ്ഥാനത്താണുള്ളത്. ഇതാണ് ആഗോള റാങ്കിംഗിൽ ഇന്ത്യയ്ക്ക് തിരിച്ചടിയായത്.
നിലവിൽ ഇന്ത്യൻ പാസ്പോർട്ട് ഉപയോഗിച്ച് ലോകത്തെ 26 രാജ്യങ്ങളിലേക്ക് മാത്രമാണ് വിസ ഇല്ലാതെ അല്ലെങ്കിൽ 'വിസ ഓൺ അറൈവൽ' സൗകര്യത്തോടെ യാത്ര ചെയ്യാൻ കഴിയുക. യാത്രാ സൗകര്യത്തിൽ പിന്നിലാണെങ്കിലും, ജീവിതനിലവാര സൂചികയിൽ ഇന്ത്യ 11-ാം സ്ഥാനത്തേക്ക് കുതിച്ചുയർന്നത് ശ്രദ്ധേയമാണ്.
യൂറോപ്യൻ രാജ്യങ്ങളാണ് പട്ടികയിൽ ആധിപത്യം പുലർത്തുന്നത്. സ്വീഡനാണ് ഒന്നാം സ്ഥാനത്ത്. സ്വിറ്റ്സർലൻഡും ഫിൻലാൻഡുമാണ് തൊട്ടുപിന്നാലെ. പാസ്പോർട്ട് റാങ്കിംഗുകൾ തമ്മിലുള്ള വ്യത്യാസം പലപ്പോഴും തെറ്റിദ്ധാരണകൾക്ക് വഴിവെക്കാറുണ്ട്. 'ഹെൻലി പാസ്പോർട്ട് ഇൻഡക്സ്' പ്രകാരം ഇന്ത്യ ഏകദേശം 80-ാം സ്ഥാനത്താണ്.
വിസ രഹിത യാത്രകളെ മാത്രം അടിസ്ഥാനമാക്കിയാണ് അവർ റാങ്കിംഗ് നിശ്ചയിക്കുന്നത്. എന്നാൽ, 'ഗ്ലോബൽ പാസ്പോർട്ട് ഇൻഡക്സ്' നിക്ഷേപ സാധ്യതകളെയും സാമൂഹിക സാഹചര്യങ്ങളെയും കൂടി പരിഗണിക്കുന്നതിനാലാണ് ഇന്ത്യയുടെ സ്ഥാനം താഴെയായി കാണിക്കുന്നത്.
National
കോൽക്കത്ത: പശ്ചിമ ബംഗാളിലെ സർക്കാർ സ്കൂളുകളിൽ ഉച്ചഭക്ഷണ മെനുവിൽ വൻ മാറ്റങ്ങൾ. കോൽക്കത്ത മുനിസിപ്പൽ കോർപ്പറേഷൻ പരിധിയിലെ സ്കൂളുകളിൽ ഉച്ചഭക്ഷണം തയ്യാറാക്കാനുള്ള ചുമതല അന്താരാഷ്ട്ര സംഘടനയായ ഇസ്കോണിനെ ഏൽപ്പിച്ചതോടെ, പതിറ്റാണ്ടുകളായി തുടർന്നുപോന്ന ഭക്ഷണക്രമത്തിൽ മാറ്റം വന്നിരിക്കുകയാണ്. ഇസ്കോണിന്റെ ഭക്ഷണവിതരണ രീതി പിന്തുടരുന്നതോടെ, സ്കൂൾ ഉച്ചഭക്ഷണത്തിൽ നിന്ന് മുട്ട പൂർണമായും ഒഴിവാക്കി. ഇതിനു പകരമായി പനീർ, സോയ, രാജ്മ തുടങ്ങിയ പോഷകസമൃദ്ധമായ സസ്യാഹാരങ്ങളാണ് ഇനി മുതൽ കുട്ടികൾക്ക് നൽകുക.
എ.സി. ഭക്തിവേദാന്ത സ്വാമി പ്രഭുപാദർ 1966-ൽ സ്ഥാപിച്ച 'ഇന്റർനാഷണൽ സൊസൈറ്റി ഫോർ കൃഷ്ണ കോൺഷ്യസ്നസ്' എന്ന പ്രസ്ഥാനം തികഞ്ഞ സസ്യാഹാരശീലത്തിന് പേരുകേട്ടതാണ്. ഭഗവദ്ഗീതയും ഭാഗവതവും അടിസ്ഥാനമാക്കിയുള്ള ഇവരുടെ ജീവിതശൈലിയിൽ മാംസാഹാരത്തിന് സ്ഥാനമില്ല. ഇതേ ശൈലി സ്കൂൾ ഭക്ഷണത്തിലും നടപ്പിലാക്കുന്നതോടെയാണ് മെനുവിൽ ഈ മാറ്റം സംഭവിച്ചത്.
സർക്കാരിന്റെ ഈ തീരുമാനം സംസ്ഥാനത്ത് കടുത്ത രാഷ്ട്രീയ വിവാദത്തിന് വഴിവെച്ചിരിക്കുകയാണ്. പൊതുഫണ്ട് ഉപയോഗിച്ച് നടത്തുന്ന ഒരു പോഷകാഹാര പദ്ധതിയിൽ ഇത്തരം ഭക്ഷണരീതികൾ അടിച്ചേൽപ്പിക്കുന്നത് ഉചിതമാണോ എന്ന് തൃണമൂൽ കോൺഗ്രസ് എംപി ഡെറിക് ഒബ്രിയാൻ ചോദിച്ചു. കുട്ടികളുടെ ആരോഗ്യ ആവശ്യങ്ങളല്ല, മറിച്ച് പ്രത്യേക ആശയങ്ങളാണ് സർക്കാർ നടപ്പിലാക്കുന്നതെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.
വിവാദം കനത്തതോടെ, സ്കൂളുകളിൽ പ്രധാന ഭക്ഷണം ഇസ്കോൺ പോലുള്ള ഏജൻസികൾ തയ്യാറാക്കുമ്പോൾ തന്നെ മുട്ട വിതരണത്തിനായി പ്രത്യേക ഫണ്ട് നൽകുന്ന ഒഡീഷാ മാതൃക പശ്ചിമ ബംഗാളും പിന്തുടരാൻ ആലോചിക്കുന്നുണ്ട്. പോഷകാഹാരക്കുറവ് ഉണ്ടാകാതിരിക്കാൻ സർക്കാർ ബദൽ മാർഗങ്ങൾ ആലോചിക്കുന്നുണ്ടെങ്കിലും, ഭക്ഷണക്രമത്തിലെ ഈ മാറ്റം വരും ദിവസങ്ങളിൽ സംസ്ഥാനത്തെ വലിയ രാഷ്ട്രീയ ചർച്ചയാകുമെന്നുറപ്പാണ്.
National
കോൽക്കത്ത: ക്ഷേമപദ്ധതികളുടെ വിതരണത്തിൽ വിപ്ലവകരമായ മാറ്റങ്ങൾ പ്രഖ്യാപിച്ച് പശ്ചിമ ബംഗാൾ സർക്കാർ. മുൻപ് നിലവിലുണ്ടായിരുന്ന 'ലക്ഷ്മിർ ഭണ്ഡാർ' പദ്ധതിക്ക് പകരമായി സുവേന്ദു അധികാരി സർക്കാർ 'അന്നപൂർണ്ണ യോജന' എന്ന പുതിയ പദ്ധതി നടപ്പിലാക്കുന്ന സാഹചര്യത്തിലാണ് ഗുണഭോക്താക്കളെ തെരഞ്ഞെടുക്കാനുള്ള മാനദണ്ഡങ്ങളിൽ സുവേന്ദു സർക്കാർ മാറ്റങ്ങൾ പ്രഖ്യാപിച്ചത്.
അർഹരായ കുടുംബങ്ങൾക്ക് പ്രതിമാസം 3,000 രൂപ ധനസഹായവും സംസ്ഥാന സർക്കാരിന്റെ ബസുകളിൽ സൗജന്യ യാത്രാ സൗകര്യവുമാണ് അന്നപൂർണ പദ്ധതിയിലൂടെ ലഭിക്കുന്നത്. എന്നാൽ, ഈ ആനുകൂല്യങ്ങൾ ലഭിക്കണമെങ്കിൽ അപേക്ഷകർ സർക്കാർ നിഷ്കർഷിക്കുന്ന മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കേണ്ടതുണ്ട്. മൂന്നോ അതിലധികമോ വിവാഹം കഴിച്ച വ്യക്തികളെ ക്ഷേമപദ്ധതിയുടെ പരിധിയിൽ നിന്ന് പൂർണമായും ഒഴിവാക്കി.
സർക്കാർ നിർദ്ദേശിക്കുന്ന പ്രതിരോധ കുത്തിവയ്പ്പുകൾ കുട്ടികൾക്ക് നൽകാത്ത രക്ഷിതാക്കൾക്ക് സഹായം നിഷേധിക്കപ്പെടും. സർക്കാർ സ്കൂളുകളിൽ നിന്ന് കുട്ടികളെ മാറ്റി ചില മതപരമായ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ചേർക്കുന്ന രക്ഷിതാക്കൾക്ക് ആനുകൂല്യങ്ങൾ നഷ്ടപ്പെടും. ഇന്ത്യൻ പൗരന്മാരല്ലാത്തവർക്ക് സംസ്ഥാന സഹായങ്ങൾക്ക് അർഹതയുണ്ടായിരിക്കില്ല.
അപേക്ഷകർ തങ്ങളുടെ പൗരത്വ രേഖകൾ, റേഷൻ കാർഡ്, സ്വത്തുവകകൾ (ഭൂമി, വീട്, വാഹനം), കുടുംബത്തിലെ സർക്കാർ ജോലി തുടങ്ങിയ വിവരങ്ങൾ വ്യക്തമാക്കേണ്ടതുണ്ട്. ഏകദേശം 30 ലക്ഷത്തോളം അർഹതയില്ലാത്ത ഗുണഭോക്താക്കളെ കണ്ടെത്തി ഒഴിവാക്കാനാണ് സർക്കാരിന്റെ നീക്കം.
അധികാരമേറ്റതിന് പിന്നാലെ ക്ഷേമമേഖലയിൽ വലിയ അഴിച്ചുപണികളാണ് സുവേന്ദു അധികാരി സർക്കാർ നടത്തിയത്. മതപരമായ അടിസ്ഥാനത്തിൽ നൽകിയിരുന്ന സാമ്പത്തിക സഹായങ്ങൾ നിർത്തലാക്കുകയും, ആയുഷ്മാൻ ഭാരത് ഉൾപ്പെടെയുള്ള കേന്ദ്ര പദ്ധതികളെ സംസ്ഥാനവുമായി സംയോജിപ്പിക്കുകയും ചെയ്തു. ഇതിനൊപ്പം, മദ്യശാലകൾക്ക് സ്കൂളുകൾക്കും ആരാധനാലയങ്ങൾക്കും സമീപം കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും, പൊതുസുരക്ഷ ഉറപ്പാക്കാൻ പുതിയ ബിൽ കൊണ്ടുവരികയും ചെയ്തത് സുവേന്ദു സർക്കാരിന്റെ ശ്രദ്ധേയമായ നടപടികളാണ്.
International
ടെഹ്റാൻ: ഹോർമുസ് കടലിടുക്ക് വഴി കടന്നുപോകുന്ന വാണിജ്യ കപ്പലുകൾക്ക് ഇറാൻ ഔദ്യോഗികമായി സർവീസ് ഫീസ് ഏർപ്പെടുത്തി. യുഎസുമായുള്ള താത്കാലിക വെടിനിർത്തൽ കരാറിന് ശേഷം നിലനിന്നിരുന്ന 60 ദിവസത്തെ സൗജന്യ പാസേജ് കാലാവധി അവസാനിച്ചതോടെയാണ് പുതിയ നടപടി.
എല്ലാ രാജ്യങ്ങൾക്കും ഒരേ നിരക്കിലായിരിക്കില്ല ഈ ഫീസ്. ഇറാനുമായി സൗഹൃദബന്ധം പുലർത്തുന്ന രാജ്യങ്ങൾക്കും സഖ്യകക്ഷികൾക്കും ഫീസിൽ 'പ്രത്യേക ഇളവുകൾ' നൽകുമെന്ന് ഇറേനിയൻ അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ആഗോള എണ്ണ വിപണിയുടെ സുപ്രധാന ഇടനാഴിയായ ഹോർമുസ് കടലിടുക്കിലെ നിയന്ത്രണം ശക്തിപ്പെടുത്താനും, അതുവഴി സാമ്പത്തികമായി നേട്ടമുണ്ടാക്കാനും ഇറാൻ ലക്ഷ്യമിടുന്നു.
തങ്ങളുടെ പരമാധികാര പരിധിയിൽ വരുന്ന ജലാശയങ്ങളിൽ സേവനങ്ങൾക്ക് ഫീസ് ഈടാക്കാൻ തങ്ങൾക്ക് അവകാശമുണ്ടെന്നാണ് ഇറാൻ വാദിക്കുന്നത്. എണ്ണ വിതരണത്തെയും കപ്പൽ ഗതാഗതച്ചെലവിനെയും ഇത് എപ്രകാരം ബാധിക്കുമെന്ന കാര്യത്തിൽ അന്താരാഷ്ട്ര തലത്തിൽ ആശങ്കകളുണ്ട്. പ്രത്യേകിച്ചും ഊർജ സുരക്ഷയെ മുൻനിർത്തി, ഈ മേഖലയിൽ കപ്പലുകൾ അയക്കുന്ന രാജ്യങ്ങൾ ഇറാനുമായുള്ള നയതന്ത്ര ബന്ധങ്ങൾ എപ്രകാരം കൈകാര്യം ചെയ്യുമെന്നത് നിർണായകമാണ്.
ഊർജ വിതരണ ശൃംഖലയെയും അന്താരാഷ്ട്ര വ്യാപാരത്തെയും വലിയ രീതിയിൽ സ്വാധീനിക്കാൻ ശേഷിയുള്ള തീരുമാനമാണിത്.
National
ന്യൂഡൽഹി: കുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്നതും അത്തരം ഉള്ളടക്കങ്ങളിലേക്ക് ഉപയോക്താക്കളെ നയിക്കുന്നതുമായ എല്ലാ പെയ്ഡ് പരസ്യങ്ങളും അടിയന്തരമായി നീക്കം ചെയ്യാൻ കേന്ദ്ര ഇലക്ട്രോണിക്സ് ഐടി മന്ത്രാലയം മെറ്റയ്ക്ക് നിർദേശം നൽകി. ഏഴ് ദിവസത്തിനകം വിശദമായ മറുപടി നൽകാനാണ് മെറ്റയോട് കേന്ദ്രം ആവശ്യപ്പെട്ടത്.
ഇത്തരം ഉള്ളടക്കങ്ങൾ എങ്ങനെ പ്ലാറ്റ്ഫോമിലെ പരസ്യങ്ങളിൽ പ്രത്യക്ഷപ്പെട്ടു, ഇതിനെ തടയാനുള്ള സംവിധാനങ്ങൾ എന്തുകൊണ്ട് പരാജയപ്പെട്ടു തുടങ്ങിയ കാര്യങ്ങളിൽ മന്ത്രാലയം വ്യക്തത തേടിയിട്ടുണ്ട്. ഇൻസ്റ്റാഗ്രാമിലെ ചില പെയ്ഡ് പരസ്യങ്ങൾ വഴി കുട്ടികൾക്കെതിരായ ലൈംഗികാതിക്രമ ഉള്ളടക്കങ്ങൾ ലഭ്യമാകുന്ന ടെലഗ്രാം ചാനലുകളിലേക്ക് ഉപയോക്താക്കളെ വഴിതിരിച്ചുവിടുന്നതായി കണ്ടെത്തിയിരുന്നു. ബിബിസി ഉൾപ്പെടെയുള്ള മാധ്യമങ്ങൾ പുറത്തുവിട്ട റിപ്പോർട്ടുകളെത്തുടർന്നാണ് സർക്കാർ വിഷയത്തിൽ ഇടപെട്ടത്.
കുട്ടികളുടെ സുരക്ഷയെ ബാധിക്കുന്ന ഇത്തരം വിഷയങ്ങളിൽ "സീറോ ടോളറൻസ്" നയമാണ് സർക്കാർ സ്വീകരിക്കുന്നത്. അൽഗോരിതം ഉപയോഗിച്ച് ഇത്തരം ഉള്ളടക്കങ്ങൾ പ്രചരിപ്പിക്കപ്പെടുന്നുണ്ടോ എന്ന കാര്യവും സർക്കാർ ഗൗരവമായി പരിശോധിക്കുന്നുണ്ട്. ഇത്തരം ഉള്ളടക്കങ്ങളോട് മെറ്റയ്ക്ക് "സീറോ ടോളറൻസ്" നയമാണുള്ളതെന്നും, നിയമവിരുദ്ധമായ ഇത്തരം കാര്യങ്ങൾ തടയാൻ അത്യാധുനിക എഐ സാങ്കേതികവിദ്യകളും മനുഷ്യനിരീക്ഷകരും ഉൾപ്പെടെയുള്ള സംവിധാനങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്നുമാണ് മെറ്റയുടെ ഭാഗത്തുനിന്നുണ്ടായ പ്രതികരണം.
വാട്സാപ്പിന്റെ പുതിയ യൂസർനെയിം ഫീച്ചറുമായി ബന്ധപ്പെട്ട് ഇതിനകം തന്നെ മെറ്റയ്ക്ക് കേന്ദ്ര സർക്കാരിൽ നിന്ന് കർശന നിർദേശങ്ങൾ ലഭിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇൻസ്റ്റാഗ്രാം പരസ്യങ്ങളിലെ ഈ ഗുരുതര വീഴ്ചയും പുറത്തുവന്നിരിക്കുന്നത്.
Kerala
തിരുവനന്തപുരം: പ്രതിപക്ഷത്തിരുന്നപ്പോൾ ഉന്നയിച്ച അഴിമതിയാരോപണങ്ങൾ കാറ്റിൽ പറത്തി, ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി ഉൾപ്പെടെയുള്ള 46 ഏജൻസികൾക്ക് ടെൻഡറില്ലാതെ സർക്കാർ കരാറുകൾ എടുക്കാനുള്ള അനുമതി യുഡിഎഫ് സർക്കാർ നീട്ടി നൽകി. ധനവകുപ്പാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. കഴിഞ്ഞ മേയ് 31-ന് കാലാവധി അവസാനിച്ച ഏജൻസികൾക്കാണ് ഈ മാസം അവസാനം വരെ കരാർ കാലാവധി നീട്ടി നൽകിയിരിക്കുന്നത്. ഇതോടെ, ടെൻഡർ നടപടികളില്ലാതെ തന്നെ ഈ ഏജൻസികൾക്ക് സർക്കാർ ജോലികൾ തുടരാനാകും.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് വരെ ഊരാളുങ്കൽ സൊസൈറ്റിക്കെതിരെ രൂക്ഷമായ വിമർശനങ്ങളായിരുന്നു കോൺഗ്രസ് നേതൃത്വം ഉയർത്തിയിരുന്നത്. "മോദിക്ക് അദാനി എങ്ങനെയോ അതുപോലെയാണ് പിണറായിക്ക് ഊരാളുങ്കൽ" എന്നായിരുന്നു എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ അന്ന് നടത്തിയ പരാമർശം. അഴിമതിയുടെ പ്രഭവകേന്ദ്രം ഊരാളുങ്കലാണെന്നും, അധികാരത്തിലെത്തിയാൽ എല്ലാ ഇടപാടുകളും അന്വേഷിക്കുമെന്നും യുഡിഎഫ് അന്ന് വാഗ്ദാനം നൽകിയിരുന്നു.
എന്നാൽ, ഭരണം ലഭിച്ചതോടെ യുഡിഎഫ് നിലപാടിൽ കാര്യമായ മാറ്റമുണ്ടായി. ഊരാളുങ്കലിന്റെ പ്രവർത്തനങ്ങൾ മികച്ചതാണെന്നും, നിലവാരമുള്ള ജോലികളാണ് അവർ കാഴ്ചവെക്കുന്നതെന്നും പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ. ബഷീർ നിയമസഭയിൽ വ്യക്തമാക്കി. ഈ സാഹചര്യത്തിലാണ് കരാർ കാലാവധി നീട്ടി നൽകിക്കൊണ്ടുള്ള സർക്കാർ ഉത്തരവ് പുറത്തുവന്നിരിക്കുന്നത്. സഹകരണ മേഖലയിലെ അഭിമാനമായ ഊരാളുങ്കലിനോടുള്ള സർക്കാർ സമീപനത്തെ ഭരണപക്ഷത്തെ ചില നേതാക്കൾ സ്വാഗതം ചെയ്തപ്പോൾ, മുൻകാല നിലപാടുകളിലെ വൈരുദ്ധ്യം ചൂണ്ടിക്കാട്ടി പ്രതിപക്ഷം ഈ വിഷയത്തിൽ വിമർശനങ്ങൾ ഉന്നയിക്കുന്നുണ്ട്.
Sports
മാഞ്ചസ്റ്റർ: ഇന്ത്യൻ ക്രിക്കറ്റിലെ പതിറ്റാണ്ടുകൾ പഴക്കമുള്ള റിക്കാർഡ് പഴങ്കഥയാക്കി കൗമാരതാരം വൈഭവ് സൂര്യവൻഷി. ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിലൂടെയാണ് 15 വയസുകാരനായ വൈഭവ് ഇന്ത്യൻ ടീമിനായി ആദ്യമായി കളത്തിലിറങ്ങിയത്. 15 വയസ്സും 99 ദിവസവും പ്രായമുള്ളപ്പോഴാണ് വൈഭവ് ഈ നേട്ടത്തിലെത്തിയത്.
1989-ൽ പാകിസ്ഥാനെതിരെ 16 വയസ്സും 205 ദിവസവും പ്രായമുള്ളപ്പോൾ അരങ്ങേറ്റം കുറിച്ച ഇതിഹാസ താരം സച്ചിൻ ടെണ്ടുൽക്കറുടെ റിക്കാർഡാണ് ഇതോടെ പഴങ്കഥയായത്. 37 വർഷത്തിന് ശേഷമാണ് സച്ചിന്റെ ഈ റിക്കാർഡ് തിരുത്തപ്പെടുന്നത്.
ഈ വർഷം നടന്ന ഐപിഎൽ സീസണിലെ മികച്ച പ്രകടനമാണ് വൈഭവിന്റെ കരിയറിൽ വഴിത്തിരിവായത്. രാജസ്ഥാൻ റോയൽസിനായി കളിച്ച വൈഭവ് 16 മത്സരങ്ങളിൽ നിന്ന് 776 റൺസ് അടിച്ചുകൂട്ടി ടൂർണമെന്റിലെ 'ഓറഞ്ച് ക്യാപ്' ജേതാവായിരുന്നു. ടൂർണമെന്റിൽ ഏറ്റവും കൂടുതൽ സിക്സറുകൾ അടിച്ച താരമെന്ന റിക്കാർഡും ഇദ്ദേഹത്തിന് സ്വന്തമാണ്.
National
ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് പരിസ്ഥിതി പ്രവർത്തകൻ സോനം വാംഗ്ചുക്ക് ജന്തർ മന്തറിൽ നടത്തിവരുന്ന നിരാഹാര സമരം ഏഴാം ദിവസത്തിലേക്ക്. പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കേന്ദ്ര സർക്കാർ മൗനം പാലിക്കുന്നതിൽ പ്രതിഷേധിച്ചാണ് സമരം തുടരുന്നത്. നിരാഹാര സമരത്തെത്തുടർന്ന് വാംഗ്ചുക്കിന്റെ ആരോഗ്യനില വഷളായെന്നും, ഇതിനകം അദ്ദേഹത്തിന് അഞ്ച് കിലോ ഭാരം കുറഞ്ഞുവെന്നും സിജെപി സ്ഥാപകൻ അഭിജീത് ദീപ്കെ അറിയിച്ചു.
ദേശീയതലത്തിൽ നടക്കുന്ന പ്രധാന പ്രവേശന പരീക്ഷകളിലെ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ടാണ് സിജെപി സമരം ശക്തമാക്കുന്നത്. 20 വിദ്യാർത്ഥികളുടെ മരണത്തിന് കാരണമായ പരീക്ഷാ ക്രമക്കേടുകളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് മന്ത്രി പുറത്തുപോകണമെന്നും, പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതിൽ അടിയന്തരമായി ഇടപെടണമെന്നും സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെ ആവശ്യപ്പെട്ടു. വാംഗ്ചുക്കിന് എന്തെങ്കിലും സംഭവിച്ചാൽ അതിന്റെ പൂർണ ഉത്തരവാദിത്തം സർക്കാരിനായിരിക്കുമെന്നും സിജെപി മുന്നറിയിപ്പ് നൽകി.
ജന്തർ മന്തറിൽ നടന്നുവരുന്ന സമരത്തിന് വലിയ പിന്തുണയാണ് രാഷ്ട്രീയ-സാമൂഹിക മേഖലകളിൽ നിന്ന് ലഭിക്കുന്നത്. സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി, ബൃന്ദ കാരാട്ട്, സിപിഐ ജനറൽ സെക്രട്ടറി ഡി. രാജ, ദീപാങ്കർ ഭട്ടാചാര്യ, യോഗേന്ദ്ര യാദവ്, പ്രശാന്ത് ഭൂഷൺ, ആനി രാജ, അഞ്ജലി ഭരദ്വാജ്, നിഖിൽ ഡേ, തൃണമൂൽ കോൺഗ്രസ് എംപിമാരായ സാഗരിക ഘോഷ്, മഹുവ മൊയ്ത്ര തുടങ്ങിയവർ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു.
National
ന്യൂഡൽഹി: 2020-ലെ വടക്കുകിഴക്കൻ ഡൽഹി കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസിൽ ഉമർ ഖാലിദ്, ഷർജീൽ ഇമാം എന്നിവരുടെ ജാമ്യാപേക്ഷകൾ ഡൽഹി കോടതി തള്ളി. കർകർദൂമ കോടതിയിലെ അഡീഷണൽ സെഷൻസ് ജഡ്ജി സമീർ ബാജ്പേയി ആണ് ജാമ്യാപേക്ഷകൾ തള്ളിക്കൊണ്ട് ഉത്തരവിട്ടത്. യുഎപിഎ നിയമപ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്.
സുപ്രീംകോടതിയുടെ മുൻ ഉത്തരവ് പാലിക്കാൻ താൻ ബാധ്യസ്ഥനാണെന്ന് ജഡ്ജി വ്യക്തമാക്കി. കേസിലെ സംരക്ഷിത സാക്ഷികളുടെ വിസ്താരം പൂർത്തിയാകുകയോ അല്ലെങ്കിൽ സുപ്രീംകോടതി ഉത്തരവ് തീയതി മുതൽ ഒരു വർഷം തികയുകയോ ചെയ്യുന്നത് വരെ ജാമ്യാപേക്ഷയുമായി ഇവർക്ക് കോടതിയെ സമീപിക്കാൻ കഴിയില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. നിലവിലെ സാഹചര്യത്തിൽ ഹർജികൾ പരിഗണിക്കാൻ സാധിക്കില്ലെന്നും, അവ നിയമപരമായി നിലനിൽക്കുന്നതല്ലെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കി.
ജനുവരി അഞ്ചിന് സുപ്രീംകോടതി ജാമ്യാപേക്ഷ തള്ളിയിരുന്നെങ്കിലും, തുടർന്നുണ്ടായ ജുഡീഷ്യൽ സംഭവവികാസങ്ങൾ സാഹചര്യത്തിൽ മാറ്റം വരുത്തിയെന്നും, അതിനാൽ പുതിയ ജാമ്യാപേക്ഷ നിലനിൽക്കുമെന്നും ഉമർ ഖാലിദ് വാദിച്ചു. ജാമ്യം നിഷേധിക്കപ്പെട്ട് ആറുമാസം കഴിഞ്ഞിട്ടും വിചാരണ നടപടികളിൽ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ലെന്ന് ഷർജീൽ ഇമാം വാദിച്ചു. വിചാരണ കൂടാതെ ആറ് വർഷത്തോളമായി താൻ തടവിലാണെന്നും, കേസിൽ ഇതുവരെ കുറ്റപത്രം പോലും തയ്യാറായിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വിചാരണ നീണ്ടുപോകുന്നത് വ്യക്തിസ്വാതന്ത്ര്യത്തിനുള്ള മൗലികാവകാശത്തിന്റെ ലംഘനമാണെന്ന് ഇരുവരും കോടതിയിൽ വാദിച്ചെങ്കിലും, കോടതി ഈ വാദങ്ങൾ തള്ളി.
National
ന്യൂഡൽഹി: പാർലമെന്റിന്റെ വർഷകാല സമ്മേളനം ജൂലൈ 20-ന് ആരംഭിച്ച് ഓഗസ്റ്റ് 13-ന് സമാപിക്കുമെന്ന് പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജു. രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ അനുമതി പ്രകാരമാണ് സമ്മേളനം വിളിച്ചുചേർത്തിരിക്കുന്നത്. ദേശീയ പ്രാധാന്യമുള്ള വിഷയങ്ങളിൽ അർത്ഥവത്തായ ചർച്ചകളും തീരുമാനങ്ങളും ഈ സമ്മേളനത്തിൽ ഉണ്ടാകുമെന്ന് അദ്ദേഹം വ്യക്തമാക്കി.ഈ സമ്മേളനത്തിൽ രണ്ട് സുപ്രധാന ഭരണഘടനാ ഭേദഗതി ബില്ലുകൾ അവതരിപ്പിക്കാൻ സർക്കാർ ലക്ഷ്യമിടുന്നുണ്ട്.
ഗുരുതരമായ കുറ്റകൃത്യങ്ങളിൽ പ്രതികളായി 30 ദിവസത്തിലധികം തുടർച്ചയായി തടവിൽ കഴിയുകയും ജാമ്യം ലഭിക്കാൻ കഴിയാതെ വരികയും ചെയ്യുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി, മുഖ്യമന്ത്രിമാർ, മന്ത്രിമാർ എന്നിവരെ അതാത് സ്ഥാനത്തുനിന്ന് നീക്കം ചെയ്യാൻ വ്യവസ്ഥ ചെയ്യുന്ന ഭരണഘടനയുടെ (130-ാം ഭേദഗതി) ബിൽ, ലോക്സഭയിലും സംസ്ഥാന നിയമസഭകളിലും 33 ശതമാനം വനിതാ സംവരണം നടപ്പിലാക്കുക ലക്ഷ്യമിട്ടുള്ള ഡീലിമിറ്റേഷൻ അഥവാ മണ്ഡല പുനർനിർണയ ബിൽ (131-ാം ഭേദഗതി) എന്നിവ വർഷകാല സമ്മേളനത്തിൽ പാർലമെന്റിൽ അവതരിപ്പിച്ചേക്കും.
ഈ രണ്ട് ബില്ലുകളും രാജ്യത്തിന്റെ രാഷ്ട്രീയ ഘടനയെ ബാധിക്കുന്ന സുപ്രധാന ബില്ലുകൾ ആയതിനാൽ പാർലമെന്റിൽ വലിയ ചർച്ചകൾക്ക് ഇത് വഴിതെളിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
National
നാഗ്പൂർ: അയോധ്യ രാമക്ഷേത്ര നിർമാണത്തിനായി ലഭിച്ച സംഭാവനയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ ആദ്യമായി പ്രതികരിച്ച് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. വിഷയത്തിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് "റാം-റാം" എന്ന് മാത്രമാണ് അദ്ദേഹം പ്രതികരിച്ചത്. രാമക്ഷേത്രത്തിന്റെ പേരിൽ നടക്കുന്ന ഇത്തരം ആരോപണങ്ങൾ വിശ്വാസികളുടെ മനോവീര്യം തകർക്കാൻ ലക്ഷ്യമിട്ടുള്ളതാണോ എന്ന ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം ഇത്തരത്തിൽ പ്രതികരിച്ചത്.
ഈ വിഷയത്തിൽ ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബലെ നേരത്തെ തന്നെ നിലപാട് വ്യക്തമാക്കിയിരുന്നു. സംഭാവന തട്ടിപ്പ് രാമഭക്തരുടെ വിശ്വാസത്തെ മുറിപ്പെടുത്തിയെന്നും, കുറ്റക്കാർക്കെതിരെ കടുത്ത ശിക്ഷാ നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. 'സംഭവത്തിൽ അങ്ങേയറ്റം വേദനയും ദേഷ്യവും' ഉണ്ടെന്ന് വ്യക്തമാക്കിയ ഹൊസബലെ, പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണം കാര്യക്ഷമമായി നടക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.
ക്ഷേത്രത്തിലെ സംഭാവന തട്ടിപ്പുമായി ബന്ധപ്പെട്ട് ഇതുവരെ എട്ടുപേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. രാമക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായിയുടെ അടുത്ത സഹായി രാം ശങ്കർ യാദവ് എന്ന 'ടിന്നു', ഔട്ട്സോഴ്സിംഗ് വഴി ജോലി ചെയ്തിരുന്ന ആറ് ജീവനക്കാർ എന്നിവരും ഇതിൽ ഉൾപ്പെടുന്നു. സംഭവത്തിൽ ഉത്തരവാദികളായവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ ഉറപ്പുനൽകുന്നുണ്ട്.
അയോധ്യ രാമക്ഷേത്ര ട്രസ്റ്റിന്റെ വിശ്വാസ്യത നിലനിർത്തുന്നതിന് ഫലപ്രദമായ നടപടികൾ സ്വീകരിക്കണമെന്നും, അന്വേഷണത്തിലെ അനിശ്ചിതത്വം നീക്കണമെന്നും ആർഎസ്എസ് നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്.
National
കവരത്തി: ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന് കീഴിലെ വിവിധ വകുപ്പുകളിൽ ജോലി ചെയ്യുന്ന 47 ജീവനക്കാരെ സർവീസിൽ നിന്ന് നിർബന്ധിതമായി വിരമിപ്പിച്ചു. ഫണ്ടമെന്റൽ റൂൾ 56(ജെ) പ്രകാരമുള്ള പ്രത്യേക അധികാരം ഉപയോഗിച്ചാണ് അഡ്മിനിസ്ട്രേഷൻ ഈ അടിയന്തര നടപടി സ്വീകരിച്ചിരിക്കുന്നത്. കവരത്തിയിലെ സെക്രട്ടേറിയറ്റ് സർവീസ് സെക്ഷനാണ് ഇത് സംബന്ധിച്ച ഔദ്യോഗിക ഉത്തരവുകൾ പുറപ്പെടുവിച്ചത്.
വിവിധ തസ്തികകളിലുള്ള ജീവനക്കാരാണ് കൂട്ടനടപടിക്ക് വിധേയരായത്. 37 മൾട്ടി ടാസ്കിങ് സ്റ്റാഫുകൾ, ആറ് അപ്പർ ഡിവിഷൻ ക്ലർക്കുകൾ, മൂന്ന് ലോവർ ഡിവിഷൻ ക്ലർക്കുമാർ, ഒര് സ്റ്റെനോഗ്രഫർ എന്നിവരെയാണ് പിരിച്ചുവിട്ടത്. ഈ വർഷം നടക്കുന്ന രണ്ടാമത്തെ കൂട്ട പിരിച്ചുവിടലാണിത്. 33 വർഷം സർവീസ് പൂർത്തിയാക്കിയവർ, 56 വയസ് തികഞ്ഞവർ എന്നിങ്ങനെ മാനദണ്ഡങ്ങൾ നിശ്ചയിച്ചാണ് നടപടി സ്വീകരിച്ചിരിക്കുന്നത്.
ജീവനക്കാരുടെ സേവന റിക്കാർഡുകൾ വിലയിരുത്താൻ രൂപീകരിച്ച പ്രത്യേക റിവ്യൂ കമ്മിറ്റിയുടെ ശിപാർശയുടെ അടിസ്ഥാനത്തിലാണ് തീരുമാനമെന്നും, ഇത് പൊതുതാത്പര്യം മുൻനിർത്തിയുള്ള നടപടിയാണെന്നുമാണ് അഡ്മിനിസ്ട്രേഷൻ നൽകുന്ന വിശദീകരണം.
സ്പെഷ്യൽ സെക്രട്ടറി പദ്മാകർ റാം ത്രിപാഠി പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം, നടപടി ഉടൻ പ്രാബല്യത്തിൽ വരും. പിരിച്ചുവിടപ്പെട്ട ജീവനക്കാർക്ക് നോട്ടീസ് കാലാവധിക്ക് പകരമായി മൂന്ന് മാസത്തെ ശമ്പളവും അലവൻസുകളും നൽകും. കൂടാതെ, നിലവിലുള്ള ചട്ടങ്ങൾ പ്രകാരമുള്ള പെൻഷൻ ആനുകൂല്യങ്ങൾക്കും ഇവർ അർഹരായിരിക്കും.
Kerala
തിരുവനന്തപുരം: പ്രമുഖ മാധ്യമപ്രവർത്തകനും ടെലഗ്രാഫ് മുൻ എഡിറ്ററുമായ ആർ. രാജഗോപാലിന് പാസ്പോർട്ട് പുതുക്കി ലഭിച്ചു. പാസ്പോർട്ട് ലഭിച്ച വിവരം അദ്ദേഹം തന്നെയാണ് മുഖ്യമന്ത്രിയുടെ ഓഫീസിനെ അറിയിച്ചത്. വോട്ടർ പട്ടികയിൽ പേരില്ലെന്ന സാങ്കേതിക കാരണം ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന് പാസ്പോർട്ട് പുതുക്കി നൽകുന്നത് തടസപ്പെട്ടിരുന്നത്.
വിഷയം ശ്രദ്ധയിൽപ്പെട്ടയുടൻ തന്നെ മുഖ്യമന്ത്രി ഇടപെടുകയും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിക്ക് അടിയന്തരമായി കത്തയക്കുകയും ചെയ്തിരുന്നു. കത്ത് ലഭിച്ച അന്നുതന്നെ പാസ്പോർട്ട് പുതുക്കി നൽകുന്നതിനുള്ള നടപടികൾ പശ്ചിമ ബംഗാൾ സർക്കാർ ആരംഭിച്ചിരുന്നു. രാജ്യത്തെ ശ്രദ്ധേയനായ മാധ്യമപ്രവർത്തകൻ ആർ. രാജഗോപാലിന് പാസ്പോർട്ട് ലഭിച്ചതിലുള്ള സന്തോഷം മുഖ്യമന്ത്രിയും പങ്കുവെക്കുകയും അദ്ദേഹത്തിന് ആശംസകൾ നേരുകയും ചെയ്തു.
Kerala
തിരുവനന്തപുരം: കശുവണ്ടി കോർപറേഷൻ അഴിമതി കേസിൽ പ്രതിയായ ആർ. ചന്ദ്രശേഖരന് ഐഎൻടിയുസി സംസ്ഥാന അധ്യക്ഷ പദവിയിൽ തുടരാമെന്ന് വ്യക്തമാക്കി നേതൃത്വം. സംഘടനാപരമായ നിലനിൽപ്പിനും പ്രവർത്തനങ്ങൾക്കും തനിക്ക് ഐഎൻടിയുസിയുടെ എല്ലാവിധ പിന്തുണയുമുണ്ടെന്നും, സംഘടന എന്നും ഒപ്പമുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
നിലവിലെ രാഷ്ട്രീയ, സംഘടനാ സാഹചര്യത്തിൽ ആർ. ചന്ദ്രശേഖരന്റെ നേതൃത്വം തന്നെ തുടരണമെന്ന അഭിപ്രായമാണ് ഐഎൻടിയുസി സംസ്ഥാന നേതൃത്വത്തിനുള്ളത്. അദ്ദേഹത്തിന്റെ പ്രവർത്തന ശൈലിയെയും സംഘടനയെ നയിക്കുന്ന രീതിയെയും നേതൃത്വം പിന്തുണച്ചു.
സംഘടനയുടെ പിന്തുണ തനിക്ക് വലിയ ആത്മവിശ്വാസം നൽകുന്നുണ്ടെന്ന് ആർ. ചന്ദ്രശേഖരൻ പറഞ്ഞു. തൊഴിൽ മേഖലയിലെ പ്രശ്നങ്ങളിൽ ശക്തമായ ഇടപെടലുകൾ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. തൊഴിലാളി സംഘടനകൾക്കുള്ളിൽ നിലനിൽക്കുന്ന അഭ്യൂഹങ്ങൾക്ക് വിരാമമിട്ടുകൊണ്ടാണ് നേതൃത്വം ഇത്തരമൊരു നിലപാട് സ്വീകരിച്ചിരിക്കുന്നത്. ഐക്യത്തോടെ മുന്നോട്ട് പോകാനാണ് സംഘടനയുടെ തീരുമാനം.
National
ന്യൂഡൽഹി: ഇന്ത്യയിൽ ഭീകരപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതും നടപ്പിലാക്കുന്നതുമായ പാകിസ്ഥാൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന 23 പേരെക്കൂടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം 'തീവ്രവാദികളായി' പ്രഖ്യാപിച്ചു. നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമം (യുഎപിഎ) പ്രകാരമാണ് കേന്ദ്രസർക്കാർ ഇവർക്കെതിരെ നടപടി സ്വീകരിച്ചത്.
ഈ വ്യക്തികളെ തീവ്രവാദികളുടെ പട്ടികയിൽ ഉൾപ്പെടുത്തുന്നതോടെ, അവരുടെ സാമ്പത്തികവും നിയമപരവുമായ നീക്കങ്ങൾ തടയാൻ ഇന്ത്യൻ സുരക്ഷാ ഏജൻസികൾക്ക് പ്രത്യേക അധികാരം ലഭിക്കും. ഇവരുടെ ബാങ്ക് അക്കൗണ്ടുകളും സാമ്പത്തിക ഇടപാടുകളും മരവിപ്പിക്കാൻ എൻഐഎ പോലുള്ള ഏജൻസികൾക്ക് കഴിയും.
ജെയ്ഷ്-ഇ-മുഹമ്മദ്, ലഷ്കർ-ഇ-തൊയ്ബ, ദ റെസിസ്റ്റൻസ് ഫ്രണ്ട് തുടങ്ങിയ നിരോധിത ഭീകര സംഘടനകളുമായി ബന്ധമുള്ളവരാണ് പട്ടികയിലുള്ള ഭൂരിഭാഗം പേരും. ഇന്ത്യയിൽ ഭീകരാക്രമണങ്ങൾ ആസൂത്രണം ചെയ്യുക, യുവാക്കളെ തീവ്രവാദത്തിലേക്ക് റിക്രൂട്ട് ചെയ്യുക, ഡ്രോണുകൾ വഴി ആയുധങ്ങളും മയക്കുമരുന്നും അതിർത്തി കടത്തി അയക്കുക തുടങ്ങിയ കുറ്റകൃത്യങ്ങളിൽ ഇവർക്ക് പങ്കുണ്ടെന്ന് അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്.
കഴിഞ്ഞ കുറച്ചു വർഷങ്ങളായി സുൻജ്വാൻ, നഗ്രോത്ത തുടങ്ങിയ സ്ഥലങ്ങളിൽ സുരക്ഷാ സേനയ്ക്കുനേരെ നടന്ന ആക്രമണങ്ങളിൽ ഇവർക്ക് പങ്കുണ്ടെന്ന വിവരങ്ങൾ പുറത്തുവന്നിരുന്നു. പുതിയ പട്ടികയോടെ ഇന്ത്യ ഔദ്യോഗികമായി 'തീവ്രവാദികളായി' പ്രഖ്യാപിച്ചവരുടെ എണ്ണം 80 ആയി ഉയർന്നു.
International
വാഷിംഗ്ടൺ: ഇറാൻ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനയ്യുടെ സംസ്കാരച്ചടങ്ങുകൾ ടെഹ്റാനിൽ ആരംഭിച്ചതിന് പിന്നാലെ, ഇറാനെതിരെ വിവാദ പരാമർശവുമായി ട്രംപ്. താൻ അധികാരത്തിലിരുന്ന കാലയളവിൽ ഇറാനെതിരെ സ്വീകരിച്ച കടുത്ത നടപടികൾ ഓർമിപ്പിച്ചുകൊണ്ടായിരുന്നു ട്രംപിന്റെ പരാമർശം.
തന്റെ ഭരണകാലത്ത് ഇറാനെതിരെ ശക്തമായ ഉപരോധങ്ങൾ ഏർപ്പെടുത്തിയതിനെ പരാമർശിച്ചുകൊണ്ട്, "ഞാൻ ഇറാനെ തകർത്തു കളഞ്ഞു" എന്നാണ് ട്രംപ് മാധ്യമങ്ങളോട് പറഞ്ഞത്. ഖമനയ്യുടെ സംസ്കാരച്ചടങ്ങുകൾ നടക്കുമ്പോൾ തന്നെ ഇത്തരമൊരു പ്രസ്താവന നടത്തിയത് അന്താരാഷ്ട്രതലത്തിൽ വലിയ ചർച്ചയായിട്ടുണ്ട്.
ഖമനയ്യുടെ സംസ്കാരച്ചടങ്ങിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതിന് തൊട്ടുപിന്നാലെയാണ് ട്രംപ് ഇത്തരത്തിൽ പ്രതികരിച്ചത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ സങ്കീർണമായിരിക്കുന്ന സാഹചര്യത്തിൽ, ട്രംപിന്റെ ഈ പ്രസ്താവന ഇറാനിൽ വലിയ പ്രതിഷേധത്തിന് ഇടയാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
താൻ അധികാരത്തിൽ ഉണ്ടായിരുന്നപ്പോൾ ഇറാൻ സാമ്പത്തികമായി വലിയ പ്രതിസന്ധിയിലായിരുന്നുവെന്നും, യുഎസിന്റെ കടുത്ത നിലപാടുകൾ അവരെ വല്ലാതെ തളർത്തിയെന്നും ട്രംപ് അവകാശപ്പെട്ടു. ഖമനയ്യുടെ നിര്യാണത്തിന് ശേഷം അദ്ദേഹത്തിന്റെ മകൻ മൊജ്തബ ഖമനയ്യാണ് പുതിയ പരമോന്നത നേതാവായി ചുമതലയേറ്റത്. എന്നാൽ, സംസ്കാരച്ചടങ്ങിൽ അദ്ദേഹം പങ്കെടുക്കില്ലെന്ന റിപ്പോർട്ടുകൾ നിലനിൽക്കെയാണ് ട്രംപിന്റെ പ്രസ്താവന.
Kerala
കൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിൽ, പ്രതിപ്പട്ടികയിലുള്ള മുതിർന്ന സിപിഎം നേതാക്കൾ കൊച്ചിയിലെ പ്രത്യേക പിഎംഎൽഎ കോടതിയിൽ ഹാജരായി ജാമ്യമെടുത്തു. മുൻ മന്ത്രിമാരായ എ.സി. മൊയ്തീൻ എംഎൽഎ, കെ. രാധാകൃഷ്ണൻ എംപി, മുൻ തൃശൂർ ജില്ലാ സെക്രട്ടറി എംഎം. വർഗീസ് എന്നിവരടക്കം എട്ടുപേരാണ് ഇന്ന് കോടതിയിലെത്തിയത്.
വിചാരണ നടപടികൾക്ക് മുന്നോടിയായാണ് പ്രതികൾ കോടതിയിൽ നേരിട്ട് ഹാജരായത്. ഇഡി സമർപ്പിച്ച അനുബന്ധ കുറ്റപത്രത്തിൽ ഉൾപ്പെട്ട 28 പേരിൽ എട്ടുപേർ ഇന്ന് ഹാജരായി ജാമ്യമെടുക്കുകയായിരുന്നു. ബാക്കിയുള്ളവർ ഈ മാസം 21-നകം ഹാജരാകണം. കേസിൽ 68-ാം പ്രതിയാണ് സിപിഎം തൃശൂർ ജില്ലാ കമ്മിറ്റി. പാർട്ടിയെ പ്രതിനിധീകരിച്ച് ഇന്ന് ആരും ഹാജരാകാത്ത സാഹചര്യത്തിൽ, ജൂലൈ 21-ന് തൃശൂർ ജില്ലാ സെക്രട്ടറി നേരിട്ട് ഹാജരാകണമെന്ന് കോടതി കർശന നിർദേശം നൽകി.
തങ്ങൾ തെറ്റ് ചെയ്തതുകൊണ്ടല്ല, മറിച്ച് സിപിഎം പ്രവർത്തകരായതുകൊണ്ടാണ് കേസിൽ പ്രതിചേർക്കപ്പെട്ടതെന്ന് കെ. രാധാകൃഷ്ണൻ എം.പി പ്രതികരിച്ചു. കേസ് രാഷ്ട്രീയപ്രേരിതമാണെന്ന നിലപാടാണ് പാർട്ടി സ്വീകരിക്കുന്നത്. മൊത്തം 83 പ്രതികളാണ് കേസിലുള്ളത്. 2012-13 കാലയളവിൽ പാർട്ടി നേതാക്കളുടെ നേതൃത്വത്തിൽ കോടികളുടെ വായ്പാ തട്ടിപ്പ് നടന്നതായാണ് ഇഡിയുടെ കണ്ടെത്തൽ. ഇതുമായി ബന്ധപ്പെട്ട് 128.82 കോടി രൂപയുടെ ആസ്തികൾ ഇഡി കണ്ടുകെട്ടിയിരുന്നു.
നേരത്തെ, നേതാക്കൾക്കെതിരെ പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്ന് നിരീക്ഷിച്ച കോടതി ഇവർ വിചാരണ നേരിടണമെന്ന് ഉത്തരവിട്ടിരുന്നു. പ്രതികൾ കോടതിയിൽ നിന്ന് ലഭിക്കുന്ന കുറ്റപത്രത്തിന്റ പകർപ്പ് പരിശോധിച്ച ശേഷം വിടുതൽ ഹർജി സമർപ്പിക്കാനുള്ള സാധ്യതയും നിയമവൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നുണ്ട്.
National
ന്യൂഡൽഹി: ടെലഗ്രാം മെസ്സേജിംഗ് ആപ്പ് വഴി സിനിമകളുടെയും ഒടിടി ഉള്ളടക്കങ്ങളുടെയും വ്യാജ പതിപ്പുകൾ വ്യാപകമായി പ്രചരിക്കുന്ന പശ്ചാത്തലത്തിൽ പ്ലാറ്റ്ഫോമിന് നോട്ടീസയച്ച് കേന്ദ്ര സർക്കാർ. വിവരസാങ്കേതിക-വാർത്താവിതരണ മന്ത്രാലയമാണ് ടെലഗ്രാമിന് നോട്ടീസയച്ചത്.
വ്യാജ പതിപ്പുകൾ പ്രചരിപ്പിക്കുന്ന ചാനലുകൾക്കെതിരെയും ഗ്രൂപ്പുകൾക്കെതിരെയും അടിയന്തര നടപടി സ്വീകരിക്കണമെന്നും, ഇതുവരെ എടുത്ത നടപടികളെക്കുറിച്ചുള്ള റിപ്പോർട്ട് 15 ദിവസത്തിനകം സമർപ്പിക്കണമെന്നും നോട്ടീസിൽ ആവശ്യപ്പെടുന്നു.
ഇന്ത്യയിലെ ചലച്ചിത്ര വ്യവസായം, നിർമാതാക്കൾ, വിതരണക്കാർ, പ്രക്ഷേപകർ, ഒടിടി പ്ലാറ്റ്ഫോമുകൾ എന്നിവരുടെ സാമ്പത്തിക താൽപര്യങ്ങളും 'ക്രിയേറ്റർ ഇക്കോണമി'യും സംരക്ഷിക്കുക എന്നതാണ് ഈ നടപടിയിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്.
തീയേറ്ററുകളിൽ റിലീസ് ചെയ്യുന്ന സിനിമകളും ഒടിടി പ്ലാറ്റ്ഫോമുകളിലെ പ്രീമിയം ഷോകളും റിലീസ് ചെയ്യുന്ന ദിവസം തന്നെ ടെലഗ്രാം വഴി വ്യാപകമായി ചോരുന്നതായി പരാതി ഉയർന്നിരുന്നു. വ്യാജ രേഖകൾ, ഓൺലൈൻ തട്ടിപ്പുകൾ, സെൻസിറ്റീവ് ഉള്ളടക്കങ്ങളുടെ പ്രചാരണം എന്നിവയുടെ പേരിൽ കഴിഞ്ഞ കുറച്ചുകാലമായി ടെലഗ്രാം ഇന്ത്യൻ സർക്കാരിന്റെ കർശന നിരീക്ഷണത്തിലാണ്.
നീറ്റ് പരീക്ഷാ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് വ്യാജ വാർത്തകളും ചോദ്യപേപ്പറുകളും പ്രചരിപ്പിച്ചതിനെ തുടർന്ന് മുൻപ് കേന്ദ്ര സർക്കാർ ഇന്ത്യയിൽ ടെലഗ്രാമിന് താത്കാലിക നിരോധനം ഏർപ്പെടുത്തിയിരുന്നു. അതിനുശേഷമാണ് ഇപ്പോൾ വ്യാജ ഉള്ളടക്കങ്ങൾ തടയാൻ കർശന നടപടിയുമായി സർക്കാർ രംഗത്തെത്തിയിരിക്കുന്നത്.
International
ടെഹ്റാൻ: ഇറാൻ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനയ്യുടെ സംസ്കാരച്ചടങ്ങുകൾക്കിടെ ഏവരുടെയും ഹൃദയം തകർക്കുന്നൊരു കാഴ്ചയാണ് ടെഹ്റാനിലെ ഗ്രാൻഡ് മൊസല്ലയിൽ കണ്ടത്. ഖമനയ്യുടെ ഭൗതികശരീരത്തിനൊപ്പം അദ്ദേഹത്തിന്റെ 14 മാസം മാത്രം പ്രായമുള്ള കൊച്ചുമകളുടെ ചെറിയ ശവപേടകവും അന്ത്യയാത്രയ്ക്കായി വെച്ചിരുന്നു.
ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിലാണ് ഖമനയ്യുടെ കുടുംബത്തിലെ നിരവധി അംഗങ്ങൾ കൊല്ലപ്പെട്ടത്. ഈ ആക്രമണത്തിൽ തന്നെയാണ് 14 മാസം പ്രായമുള്ള കൊച്ചുമകൾ സഹ്റ മുഹമ്മദിയും കൊല്ലപ്പെട്ടത്. ഖമനയ്യുടെ മകൾ, മരുമകൻ, നിലവിലെ ഇറാൻ പരമോന്നത നേതാവായ മൊജ്തബ ഖമനയ്യുടെ ഭാര്യ എന്നിവരും ഈ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.
ഖമനയ്യുടെ പതാക പുതപ്പിച്ച ശവപേടകത്തോടൊപ്പം അദ്ദേഹത്തിന്റെ കൊച്ചുമകളുടേതും ഉൾപ്പെടെയുള്ള കുടുംബാംഗങ്ങളുടെ പേടകങ്ങളും ചടങ്ങിൽ പ്രദർശിപ്പിച്ചിരുന്നു. ഇറേനിയൻ സൈനികരും ജനപ്രതിനിധികളും മതനേതാക്കളും വിദേശ നയതന്ത്രജ്ഞരും ചടങ്ങിൽ പങ്കെടുത്ത് ആദരാഞ്ജലികൾ അർപ്പിച്ചു.
National
അയോധ്യ: അയോധ്യയിലെ രാമജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റിലേക്ക് ലഭിക്കുന്ന സംഭാവനകളിൽ ദിവസവും ലക്ഷക്കണക്കിന് രൂപയുടെ തട്ടിപ്പ് നടന്നതായി കണ്ടെത്തൽ. പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട് പ്രകാരം, ദിവസവും ആറ് മുതൽ എട്ട് ലക്ഷം രൂപ വരെയാണ് തട്ടിയെടുത്തിരുന്നത്. ഇതുമായി ബന്ധപ്പെട്ട് ബാങ്ക് ഉദ്യോഗസ്ഥരും ട്രസ്റ്റ് ഭാരവാഹികളും ഉൾപ്പെടെയുള്ളവർ നിരീക്ഷണത്തിലാണ്.
തട്ടിപ്പ് പുറത്തുവന്നതോടെയാണ് സംഭാവന തുകയിൽ വൻ വ്യത്യാസം കണ്ടത്. തട്ടിപ്പ് കണ്ടെത്തുന്നതിന് മുൻപ് ബാങ്ക് അക്കൗണ്ടുകളിൽ ശരാശരി 16 മുതൽ 18 ലക്ഷം രൂപ വരെയാണ് പ്രതിദിനം ലഭിച്ചിരുന്നത്. എന്നാൽ, തട്ടിപ്പ് സംബന്ധിച്ച അന്വേഷണം ആരംഭിച്ചതിന് ശേഷം ഇത് 24 മുതൽ 26 ലക്ഷം രൂപയായി വർധിച്ചു. ഈ കണക്കുകൾ പരിശോധിച്ചാണ് ദിവസവും 6-8 ലക്ഷം രൂപ വരെ തട്ടിയെടുത്തിരുന്നതായി അന്വേഷണ സംഘം നിഗമനത്തിലെത്തിയത്.
ക്ഷേത്രത്തിലെ സംഭാവന പെട്ടികൾ എണ്ണുന്ന ചുമതലയുള്ള എസ്ബിഐ ജീവനക്കാരുടെ പങ്ക് അന്വേഷണ സംഘം പരിശോധിച്ച് വരികയാണ്. സുരക്ഷാ ക്രമീകരണങ്ങൾക്കായി നിയോഗിച്ച സ്വകാര്യ ഏജൻസിയെ പണം എണ്ണുന്നതുപോലെയുള്ള സുപ്രധാന കാര്യങ്ങൾ ഏൽപ്പിച്ചത് എന്തിനാണെന്ന് ബാങ്ക് ഉദ്യോഗസ്ഥരോട് പോലീസ് ചോദിച്ചിട്ടുണ്ട്.
എട്ടുപേരാണ് കേസിൽ ഇതുവരെ അറസ്റ്റിലായിട്ടുള്ളത്. വിരമിച്ച ബാങ്ക് ജീവനക്കാരനായ സുഭാഷ് ശ്രീവാസ്തവയുടെ നേതൃത്വത്തിലായിരുന്നു പണം എണ്ണൽ. പണം മോഷ്ടിക്കപ്പെടുന്നത് ശ്രദ്ധയിൽപ്പെടുത്തിയ ജീവനക്കാരനോട്, "ദൈവം കാണുന്നുണ്ട്, നമ്മുടെ വീട്ടിൽ നിന്നൊന്നുമല്ലല്ലോ പോകുന്നത്" എന്ന് ഇയാൾ മറുപടി നൽകിയതായാണ് വിവരം.
ക്ഷേത്രത്തിന് സമീപമുള്ള ഒരു പാർക്കിൽ വെച്ചാണ് മോഷ്ടിച്ച പണം പ്രതികൾ പങ്കിട്ടിരുന്നതെന്ന് പ്രതി അവിനാഷ് ശുക്ല മൊഴി നൽകി. അന്വേഷണ സംഘം ഈ സ്ഥലം പരിശോധിച്ചു. ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായ്, ട്രസ്റ്റിമാരായ അനിൽ മിശ്ര, ഗോപാൽ റാവു എന്നിവരെ എസ്ഐടി രണ്ടാം തവണയും ചോദ്യം ചെയ്തു. ഇവരുടെ സ്വത്തുവിവരങ്ങളും വരുമാന സ്രോതസ്സുകളും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. ആരോപണങ്ങൾ ഉയർന്നതിനെത്തുടർന്ന് ഇവർ തങ്ങളുടെ ട്രസ്റ്റ് പദവികളിൽ നിന്ന് രാജിവെച്ചിരുന്നു.
കൂടാതെ, ക്ഷേത്ര നിർമാണ സമയത്ത് നടന്നതായി ആരോപിക്കപ്പെടുന്ന കമ്മീഷൻ ഇടപാടുകളും ഭൂമി വാങ്ങലിലെ അഴിമതികളും സംഘം പരിശോധിക്കുന്നുണ്ട്. ട്രസ്റ്റിന്റെ വാർഷിക ഓഡിറ്റ് റിപ്പോർട്ടുകളും സാമ്പത്തിക രേഖകളും ഹാജരാക്കാൻ അന്വേഷണ സംഘം നിർദേശിച്ചിട്ടുണ്ട്. ഇതിനുപുറമെ, ട്രസ്റ്റിന്റെ സാമ്പത്തിക ഇടപാടുകൾ വീണ്ടും ഓഡിറ്റ് ചെയ്യുന്ന കാര്യവും പരിഗണനയിലുണ്ട്. കേസിൽ ഉൾപ്പെട്ട ബാങ്ക് ജീവനക്കാർക്കെതിരെ കർശന നടപടി ഉണ്ടായേക്കുമെന്നാണ് സൂചന.
National
ന്യൂഡൽഹി: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനാ തട്ടിപ്പ് വിവാദങ്ങൾക്ക് പിന്നാലെ, ഉത്തരാഖണ്ഡിലെ പ്രശസ്തമായ ബദരീനാഥ് ക്ഷേത്രത്തിലും സമാനമായ ആരോപണങ്ങൾ ഉയരുന്നു. ക്ഷേത്രത്തിൽ ഭക്തർ സമർപ്പിക്കുന്ന സംഭാവനകളും കാണിക്കയും ചിലർ ചേർന്ന് തട്ടിയെടുക്കുന്നതായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോ ദൃശ്യങ്ങളാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്.
ക്ഷേത്രത്തിലെ കാണിക്കവഞ്ചിയിൽ നിന്ന് പണം മാറ്റുന്നതായി ആരോപിക്കപ്പെടുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. സംഭവത്തിൽ ക്ഷേത്രത്തിലെ ജീവനക്കാർക്ക് പങ്കുണ്ടെന്നും, ഉന്നത ഉദ്യോഗസ്ഥരുടെ അറിവോടെയാണ് ഇത് നടക്കുന്നതെന്നും സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾ ഉയർന്നു. ആരോപണവിധേയനായ വ്യക്തി ബികെടിസി പ്രസിഡന്റിന്റെ പേഴ്സണൽ സെക്രട്ടറിയാണെന്ന രീതിയിലും പ്രചാരണങ്ങൾ നടന്നു.
വിഷയത്തിൽ അടിയന്തരമായി ഇടപെട്ട ബദരീനാഥ്-കേദാർനാഥ് ടെമ്പിൾ കമ്മിറ്റി സംഭവത്തിൽ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക സമിതിയെ നിയോഗിച്ചിട്ടുണ്ടെന്നും ബികെടിസി പ്രസിഡന്റ് വ്യക്തമാക്കി.
National
ബംഗളൂരു: ഡേറ്റിംഗ് ആപ്പുകൾ വഴി പരിചയപ്പെട്ട ആളിൽ നിന്ന് ബംഗളൂരു സ്വദേശിയായ യുവതിക്ക് നേരിടേണ്ടി വന്നത് വലിയ ചതി. 2022-ൽ ബംബിൾ എന്ന ഡേറ്റിംഗ് ആപ്പ് വഴി പരിചയപ്പെട്ട വ്യക്തി, ഇവരുമായുള്ള സ്വകാര്യ ദൃശ്യങ്ങൾ യുവതിയുടെ സമ്മതമില്ലാതെ ഇന്റർനെറ്റിൽ പ്രചരിപ്പിച്ചതായി പരാതി. സംഭവത്തിൽ യുവതി പോലീസിൽ പരാതി നൽകി.
2022 നവംബറിലാണ് 28 വയസുള്ള യുവതി ബംഗളൂരുവിൽ ബംബിൾ വഴി യുവാവിനെ പരിചയപ്പെട്ടത്. ഇരുവരും ഇൻസ്റ്റഗ്രാമിൽ പരസ്പരം സംസാരിക്കുകയും വിശ്വാസം ഉറപ്പിച്ച ശേഷം നേരിട്ട് കാണുകയും ചെയ്തു. ആദ്യ കൂടിക്കാഴ്ചയ്ക്ക് ശേഷം യുവാവ് യുവതിയുമായി ആശയവിനിമയം അവസാനിപ്പിക്കുകയും സമൂഹമാധ്യമങ്ങളിൽ നിന്ന് ബ്ലോക്ക് ചെയ്യുകയും ചെയ്തു. ഇതോടെ യുവതിക്ക് ഇയാളെ ബന്ധപ്പെടാൻ മാർഗമില്ലാതായി.
ഏകദേശം നാല് വർഷത്തിന് ശേഷമാണ്, താനും യുവാവും തമ്മിലുള്ള സ്വകാര്യ നിമിഷങ്ങളുടെ ദൃശ്യങ്ങൾ റെഡ്ഡിറ്റിലും മറ്റൊരു അഡൾട്ട് വെബ്സൈറ്റിലും അപ്ലോഡ് ചെയ്തതായി യുവതി അറിയുന്നത്. തന്റെ സമ്മതമില്ലാതെയാണ് ദൃശ്യങ്ങൾ പ്രചരിപ്പിച്ചതെന്ന് യുവതി വ്യക്തമാക്കി.
ജൂൺ 19-ന് യുവതി പോലീസിൽ പരാതി നൽകി. ഇതിനുപിന്നാലെ ദൃശ്യങ്ങൾ ഇന്റർനെറ്റിൽ നിന്ന് നീക്കം ചെയ്തു. പ്രതിയെ കണ്ടെത്താനുള്ള അന്വേഷണം പോലീസ് ഊർജിതമാക്കിയിട്ടുണ്ട്. ദൃശ്യങ്ങൾ എങ്ങനെയാണ് റെക്കോർഡ് ചെയ്തതെന്നും എങ്ങനെയൊക്കെയാണ് പ്രചരിച്ചതെന്നുമാണ് പോലീസ് അന്വേഷിക്കുന്നത്.
Kerala
കൊച്ചി: വെള്ളാപ്പള്ളി നടേശന് പത്മഭൂഷൺ പുരസ്കാരം നൽകിയതിനെതിരെ സമർപ്പിച്ച പൊതുതാത്പര്യ ഹർജി കേരള ഹൈക്കോടതി തള്ളി. ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റേതാണ് ഉത്തരവ്. ഒരാൾക്കെതിരെ കേസ് നിലവിലുണ്ടെന്നോ എഫ്ഐആർ രജിസ്റ്റർ ചെയ്തെന്നോ ഉള്ള കാരണത്താൽ മാത്രം അയാൾക്ക് പത്മപുരസ്കാരങ്ങൾ നിഷേധിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി.
കേസുകൾ നിലവിലുണ്ടെന്നതുകൊണ്ട് ഒരാളെ കുറ്റക്കാരനായി കണക്കാക്കാനാകില്ലെന്ന് കോടതി നിരീക്ഷിച്ചു. വെള്ളാപ്പള്ളിക്കെതിരായ കേസുകളിൽ വിചാരണ പൂർത്തിയായി ശിക്ഷ വിധിച്ചിട്ടില്ലെന്നും, ചിലതിൽ സുപ്രീംകോടതി സ്റ്റേ നൽകിയിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
ഭാവിയിൽ ഒരാൾ കുറ്റക്കാരനാണെന്ന് നിയമപരമായി തെളിയുകയാണെങ്കിൽ, ബഹുമതി റദ്ദാക്കാൻ രാഷ്ട്രപതിക്ക് അധികാരമുണ്ടെന്ന് കോടതി വ്യക്തമാക്കി. ഇക്കാര്യം വ്യക്തമാക്കി കേന്ദ്രസർക്കാരും കോടതിയിൽ സത്യവാംഗ്മൂലം നൽകിയിട്ടുണ്ട്. ഏതെങ്കിലും സാഹചര്യത്തിൽ ശിക്ഷിക്കപ്പെട്ടാൽ മാത്രമേ കേന്ദ്രസർക്കാരിന് പത്മപുരസ്കാരങ്ങൾ തിരിച്ചെടുക്കാൻ നടപടിയെടുക്കാൻ സാധിക്കുവെന്നും കോടതി ഓർമിപ്പിച്ചു.
National
ന്യൂഡൽഹി: നീറ്റ് പരീക്ഷയിലെ ക്രമക്കേടുകൾക്കും വിദ്യാഭ്യാസ മേഖലയിലെ അഴിമതികൾക്കുമെതിരെ പ്രമുഖ പരിസ്ഥിതി പ്രവർത്തകനും വിദ്യാഭ്യാസ പരിഷ്കർത്താവുമായ സോനം വാംഗ്ചുക്ക് നടത്തുന്ന നിരാഹാര സമരം അഞ്ചാം ദിവസത്തിലേക്ക് കടന്നു. ഡൽഹി ജന്തർ മന്തറിൽ 'കോക്രോച്ച് ജനതാ പാർട്ടി' നടത്തുന്ന പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ചാണ് വാംഗ്ചുക്ക് നിരാഹാര സമരം ആരംഭിച്ചത്.
വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജി വെക്കണമെന്നും, നീറ്റ് പരീക്ഷാ സംവിധാനത്തിൽ സമൂലമായ മാറ്റങ്ങൾ വരുത്തണമെന്നും ആവശ്യപ്പെട്ടാണ് സമരം. ലഡാക്കിന്റെ പാരിസ്ഥിതികവും സാംസ്കാരികവുമായ സംരക്ഷണവും ഭരണഘടനാപരമായ സുരക്ഷയും ഉറപ്പാക്കണമെന്ന ആവശ്യവും അദ്ദേഹം ഉന്നയിക്കുന്നുണ്ട്.
തുടർച്ചയായ നാല് ദിവസത്തെ നിരാഹാരം കാരണം സോനം വാംഗ്ചുക്കിന്റെ ആരോഗ്യനിലയിൽ ആശങ്കയുണ്ട്. അദ്ദേഹം ഇതിനകം രണ്ട് കിലോയോളം ഭാരം കുറഞ്ഞതായും, ക്ഷീണം അനുഭവപ്പെടുന്നതായും സംഘാടകർ അറിയിച്ചു. രക്തത്തിലെ പഞ്ചസാരയുടെ അളവും രക്തസമ്മർദവും കുറഞ്ഞതിനെത്തുടർന്ന് വെള്ളവും ഉപ്പും ഉൾപ്പെടെയുള്ളവ അധികമായി കഴിക്കാൻ ഡോക്ടർമാർ അദ്ദേഹത്തോട് നിർദ്ദേശിച്ചിട്ടുണ്ട്.
വിദ്യാർത്ഥികളും കർഷക നേതാക്കളും ഉൾപ്പെടെ നിരവധി പേർ സമരത്തിന് ഐക്യദാർഢ്യവുമായി ജന്തർ മന്തറിൽ എത്തിയിട്ടുണ്ട്. തങ്ങൾ ആവശ്യപ്പെട്ട മാറ്റങ്ങൾ നടപ്പിലാകും വരെ സമരം തുടരാനാണ് തീരുമാനം.
National
ചെന്നൈ: തമിഴ്നാട്ടിൽ പശുക്കളെയും കിടാരികളെയും അറുക്കുന്നതിന് മദ്രാസ് ഹൈക്കോടതി ഏർപ്പെടുത്തിയ സമ്പൂർണ നിരോധനത്തിനെതിരെ തമിഴ്നാട് സർക്കാർ സുപ്രീംകോടതിയിൽ. ഹൈക്കോടതിയുടെ മേയ് 27-ലെ ഉത്തരവ് സംസ്ഥാനത്തെ നിയമവ്യവസ്ഥയ്ക്ക് വിരുദ്ധമാണെന്നും, ഹർജിയുടെ പരിധിയിൽ കവിഞ്ഞുള്ളതാണ് ഈ വിധിയെന്നും മുഖ്യമന്ത്രി വിജയ്യുടെ നേതൃത്വത്തിലുള്ള ടിവികെ സർക്കാർ കോടതിയിൽ ബോധിപ്പിച്ചു.
1958-ലെ 'തമിഴ്നാട് അനിമൽ പ്രിസർവേഷൻ ആക്ട്' പ്രകാരം, കൃഷിക്കും പ്രജനനത്തിനും അനുയോജ്യമല്ലെന്ന് അധികൃതർ സാക്ഷ്യപ്പെടുത്തിയ 10 വയസിന് മുകളിൽ പ്രായമുള്ള കന്നുകാലികളെ അറുക്കാൻ അനുമതിയുണ്ട്. എന്നാൽ, ഹൈക്കോടതിയുടെ ഉത്തരവ് ഇതിനെ പൂർണമായും റദ്ദാക്കുന്ന തരത്തിലുള്ള സമ്പൂർണ്ണ നിരോധനമാണെന്ന് സർക്കാർ ചൂണ്ടിക്കാട്ടുന്നു. കോയമ്പത്തൂരിലെ ബക്രീദ് ആഘോഷങ്ങളുമായി ബന്ധപ്പെട്ട് പൊതുസ്ഥലങ്ങളിലെ കശാപ്പ് തടയണമെന്ന് മാത്രമായിരുന്നു യഥാർത്ഥ ഹർജിയിലെ ആവശ്യം, എന്നാൽ കോടതി സംസ്ഥാനത്താകെ ബാധകമായ നിരോധനം ഏർപ്പെടുത്തുകയായിരുന്നു.
International
വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് പദവിയിലിരിക്കുമ്പോഴും ബിസിനസ് തന്ത്രങ്ങൾ കൈവിടാതെ ഡോണൾഡ് ട്രംപ്. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ ക്രിപ്റ്റോ കറൻസി ഇടപാടുകൾ, ബ്രാൻഡഡ് ഉത്പന്നങ്ങളുടെ വിൽപന, കോടതിക്ക് പുറത്തുള്ള ഒത്തുതീർപ്പുകൾ (ഔട്ട് ഓഫ് കോർട്ട് സെറ്റിൽമെന്റ്) എന്നിവയിലൂടെ ട്രംപ് സ്വന്തമാക്കിയത് വൻ തുക. പതിറ്റാണ്ടുകൾ കൊണ്ട് കെട്ടിപ്പടുത്ത റിയൽ എസ്റ്റേറ്റ് സാമ്രാജ്യത്തിന്റെ വളർച്ചയെപ്പോലും മറികടക്കുന്നതാണ് അദ്ദേഹത്തിന്റെ ഈ പുതിയ സാമ്പത്തിക മുന്നേറ്റം.
'വേൾഡ് ലിബറേറ്റി ഫിനാൻഷ്യൽ' വഴി ടോക്കണുകൾ വിറ്റഴിച്ചതിലൂടെ 500 മില്യൺ ഡോളറും, തന്റെ മുഖം പതിപ്പിച്ച 'മീം കോയിനുകൾ' വിറ്റ സിഐസി ഡിജിറ്റൽ വഴി 600 മില്യൺ ഡോളറുമാണ് ട്രംപ് സമാഹരിച്ചത്. എന്നാൽ, വിൽപനയ്ക്ക് ശേഷം ഈ ടോക്കണുകളുടെ മൂല്യം കുത്തനെ ഇടിഞ്ഞത് വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്. യുഎഇ സർക്കാരുമായി ബന്ധമുള്ള ഒരു കമ്പനി ട്രംപിന്റെ ബിസിനസിൽ 500 മില്യൺ ഡോളർ നിക്ഷേപിച്ചു. തൊട്ടുപിന്നാലെ, ദേശീയ സുരക്ഷാ കാരണങ്ങളാൽ യുഎഇക്ക് നേരത്തെ നിരോധിച്ചിരുന്ന അത്യാധുനിക യുഎസ് ചിപ്പുകൾ ലഭിച്ചത് വലിയ വിവാദമായി.
സൗദി അറേബ്യ, ഖത്തർ, റൊമാനിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള വൻകിട പ്രോജക്റ്റുകളും ട്രംപിന്റെ കമ്പനിക്ക് കോടിക്കണക്കിന് ഡോളർ വരുമാനം നൽകി. ബൈബിൾ, ഗിറ്റാറുകൾ, വാച്ചുകൾ, സ്നീക്കറുകൾ എന്നിവയിൽ തന്റെ പേര് പതിപ്പിച്ച് ട്രംപ് കോടികളാണ് നേടിയത്. വാച്ചുകൾ വിറ്റതിലൂടെ മാത്രം ലഭിച്ചത് 4.7 മില്യൺ ഡോളർ. അദ്ദേഹത്തിന്റെ 'സേവ് അമേരിക്ക' എന്ന പുസ്തകം മാത്രം 1.89 മില്യൺ ഡോളറാണ് സമാഹരിച്ചത്. ട്രംപിന്റെ പേര് ആലേഖനം ചെയ്ത് പുറത്തിറക്കിയ 'ട്രംപ് ബൈബിളുകൾ' വിറ്റഴിച്ചതിലൂടെ 208,486 ഡോളർ ആണ് അദ്ദേഹത്തിന് ലഭിച്ചത്.
ട്രംപിന്റെ മാര-എ-ലാഗോ, ബെഡ്മിൻസ്റ്റർ ഗോൾഫ് ക്ലബ് എന്നിവ പ്രസിഡന്റ് പദവിക്ക് ലഭിച്ച സ്വീകാര്യതയോടെ വരുമാനത്തിൽ വൻ വർധനവ് രേഖപ്പെടുത്തി. 16 ക്ലബ്ബുകളിൽ നിന്ന് മാത്രമായി 470 മില്യൺ ഡോളറാണ് ട്രംപിന് ലഭിച്ചത്. എബിസി, സിബിഎസ് തുടങ്ങിയ മാധ്യമ സ്ഥാപനങ്ങൾക്കെതിരായ മാനനഷ്ടക്കേസുകൾ ഒത്തുതീർപ്പാക്കിയതിലൂടെ 80 മില്യൺ ഡോളറിലധികം ട്രംപിന് ലഭിച്ചു.
തന്റെ ബിസിനസ് സാമ്രാജ്യവുമായി തനിക്ക് നേരിട്ട് ബന്ധമില്ലെന്നും പൊതുതാത്പര്യം മുൻനിർത്തിയാണ് പ്രവർത്തിക്കുന്നതെന്നും വൈറ്റ് ഹൗസ് ആവർത്തിക്കുമ്പോഴും, ഈ സാമ്പത്തിക വെളിപ്പെടുത്തലുകൾ വൻ രാഷ്ട്രീയ ചർച്ചകൾക്കാണ് വഴിതുറക്കുന്നത്.
National
അയോധ്യ: അയോധ്യ രാമക്ഷേത്രത്തിൽ ലഭിക്കുന്ന സംഭാവനകൾ കൈകാര്യം ചെയ്തതിൽ നടന്ന വൻ തട്ടിപ്പുമായി ബന്ധപ്പെട്ട് അന്വേഷണം കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിച്ച് അന്വേഷണ സംഘം. ക്ഷേത്രത്തിലെ സംഭാവനകൾ എണ്ണിത്തിട്ടപ്പെടുത്താൻ ചുമതലപ്പെടുത്തിയിരുന്ന എസ്ബിഐ ജീവനക്കാരെയും ഉദ്യോഗസ്ഥർ നിരീക്ഷണത്തിലാക്കി.
രാമക്ഷേത്രത്തിലെ സംഭാവന പെട്ടികളിലെ പണം എണ്ണുന്നതിനായി 14 അംഗ സംഘത്തെയാണ് നിയോഗിച്ചിരുന്നത്. ഇതിൽ 11 പേർ ബാങ്ക് ജീവനക്കാരും മൂന്ന് പേർ ട്രസ്റ്റ് അംഗങ്ങളുമായിരുന്നു. ഈ സാഹചര്യത്തിലാണ് ബാങ്ക് ജീവനക്കാരുടെ പങ്ക് അന്വേഷിക്കുന്നത്.
കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് പുറത്തുവന്ന സാഹചര്യത്തിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണത്തിനുള്ള സാധ്യതയും വർധിക്കുകയാണ്. എസ്ബിഐ ചുമതലപ്പെടുത്തിയിരുന്ന ജോലി പിന്നീട് സ്വകാര്യ ഏജൻസികൾക്ക് കൈമാറിയെന്ന വിവരവും പുറത്തുവരുന്നുണ്ട്. ഇത് വൻ തട്ടിപ്പിന് വഴിയൊരുക്കിയെന്നാണ് പ്രാഥമിക നിഗമനം.
സംഭവം പുറത്തുവന്നതോടെ യോഗി ആദിത്യനാഥ് സർക്കാരിനെതിരെയും ബിജെപി-ആർഎസ്എസ് നേതൃത്വത്തിനെതിരെയും വലിയ രീതിയിലുള്ള പ്രതിഷേധവും വിമർശനവുമാണ് ഉയരുന്നത്. സംഭാവന തുക കൈകാര്യം ചെയ്യുന്നതിൽ വീഴ്ച വരുത്തിയ ട്രസ്റ്റ് നേതൃത്വത്തിനെതിരെയും കടുത്ത വിമർശനങ്ങൾ ഉയരുന്നുണ്ട്. അന്വേഷണം പൂർത്തിയാകുമ്പോൾ കൂടുതൽ ഉന്നതർ ഇതിൽ ഉൾപ്പെടാൻ സാധ്യതയുണ്ടെന്നാണ് സൂചന.
Sports
സിയാറ്റിൽ: ഫിഫ ലോകകപ്പിൽ അവിശ്വസനീയമായ തിരിച്ചുവരവ് നടത്തി ബെൽജിയം പ്രീക്വാർട്ടറിൽ പ്രവേശിച്ചു. സിയാറ്റലിൽ നടന്ന ആവേശകരമായ മത്സരത്തിൽ സെനഗലിനെ 3-2 എന്ന സ്കോറിനാണ് ബെൽജിയം പരാജയപ്പെടുത്തിയത്. രണ്ട് ഗോളുകൾക്ക് പിന്നിൽ നിന്ന ശേഷം അവിശ്വസനീയമാംവിധം തിരിച്ചടിച്ചാണ് ബെൽജിയം വിജയം പിടിച്ചെടുത്തത്.
ഹബീബ് ഡയറ, ഇസ്മായില സാർ എന്നിവരിലൂടെ രണ്ട് ഗോളുകൾ നേടി സെനഗൽ മത്സരത്തിൽ വ്യക്തമായ ആധിപത്യം പുലർത്തിയിരുന്നു. തങ്ങൾ പ്രീക്വാർട്ടർ ഉറപ്പിച്ചു എന്ന് സെനഗലിന്റെ ആരാധകരും കളിക്കാരും കരുതിയ നിമിഷങ്ങളായിരുന്നു അത്. എന്നാൽ അധികം വൈകാതെ തന്നെ 2018 ലോകകപ്പിൽ ജപ്പാനെതിരെ രണ്ട് ഗോളിന് പിന്നിൽ നിന്ന ശേഷം 3-2ന് വിജയിച്ച ചരിത്രപരമായ നേട്ടം ബെൽജിയം സെനഗലിനെതിരെയും ആവർത്തിച്ചു.
രണ്ട് ഗോളുകൾ നേടി ടീമിന്റെ വിജയശില്പിയായി മാറിയത് യൂറി ടെലിമാൻസ് ആണ്. എക്സ്ട്രാ ടൈമിലേക്ക് നീണ്ട പോരാട്ടത്തിനൊടുവിൽ ബെൽജിയം നിർണായകമായ വിജയം സ്വന്തമാക്കി. ചൊവ്വാഴ്ച നടക്കുന്ന പ്രീക്വാർട്ടർ പോരാട്ടത്തിൽ അമേരിക്കയാണ് ബെൽജിയത്തിന്റെ എതിരാളികൾ.
National
ലക്നോ: ശ്രീരാമ ജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റ് മഹന്ത് നൃത്യ ഗോപാൽ ദാസിനെ അണുബാധയെത്തുടർന്ന് ലക്നോവിലെ മേദാന്ത ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുകളും മൂത്രനാളിയിലെ അണുബാധയുമാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ കാരണമായത്.
നിലവിൽ അദ്ദേഹം ഡോക്ടർമാരുടെ കർശന നിരീക്ഷണത്തിലാണ്. അദ്ദേഹത്തിന്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്നും മൂന്നോ നാലോ ദിവസത്തിനുള്ളിൽ പൂർണമായും ഭേദമായി ആശുപത്രി വിടാൻ സാധിക്കുമെന്നും മേദാന്ത ഹോസ്പിറ്റൽ ഡയറക്ടർ രാകേഷ് കുമാർ അറിയിച്ചു.
അടുത്തിടെ നടന്ന വിവിധ പൊതുപരിപാടികളിൽ പങ്കെടുത്തതിനെത്തുടർന്നുള്ള ക്ഷീണവും നേരിയ പനിയും അനുഭവപ്പെട്ടതിനെത്തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മഹന്ത് നൃത്യ ഗോപാൽ ദാസിന്റെ ആരോഗ്യനിലയെക്കുറിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിരന്തരം അന്വേഷിക്കുന്നുണ്ടെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.
ഏകദേശം 86 വയസ്സുള്ള മഹന്ത് നൃത്യ ഗോപാൽ ദാസ്, അയോധ്യയിലെ മണി റാം ദാസ് കി ചാവാനി എന്ന ഏറ്റവും വലിയ ക്ഷേത്രത്തിന്റെ പീഠാധിപതി കൂടിയാണ്. പ്രായസഹജമായ ആരോഗ്യപ്രശ്നങ്ങൾ കാരണം ഇദ്ദേഹം നേരത്തെയും ചികിത്സ തേടിയിട്ടുണ്ട്. ഈ വർഷം ജനുവരിയിലും സമാനമായ സാഹചര്യത്തിൽ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
Kerala
കോഴിക്കോട്: വടകര കാഫിർ സ്ക്രീൻഷോട്ട് വിവാദത്തിൽ എംഎസ്എഫ് നേതാവ് മുഹമ്മദ് കാസിമിനെ പ്രതിസ്ഥാനത്ത് നിന്ന് പ്രത്യേക അന്വേഷണസംഘം ഒഴിവാക്കി. സ്ക്രീൻഷോട്ട് നിർമിച്ചത് കാസിം അല്ലെന്ന് ശാസ്ത്രീയ പരിശോധനകളിൽ വ്യക്തമായതിനെ തുടർന്നാണ് നടപടി. എൽഡിഎഫ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസിൽ പ്രതിയാക്കപ്പെട്ട മുഹമ്മദ് കാസിം കഴിഞ്ഞ രണ്ട് വർഷമായി വലിയ നിയമപോരാട്ടത്തിലായിരുന്നു.
കാസിമിന്റെ ഫോൺ ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കിയതിൽ നിന്ന് അദ്ദേഹം കുറ്റക്കാരനല്ലെന്ന് ബോധ്യപ്പെട്ടതായും, ഇക്കാര്യം പോലീസ് കോടതിയെ ഔദ്യോഗികമായി അറിയിച്ചതായും റിപ്പോർട്ടുകളുണ്ട്. സന്ദേശം വ്യാജമാണെന്ന് ചൂണ്ടിക്കാട്ടി യൂത്ത് ലീഗും നേരത്തെ പരാതി നൽകിയിരുന്നു.
കേസിൽ ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്കറിനെ അന്വേഷണസംഘം അറസ്റ്റ് ചെയ്തിരുന്നു. സ്ക്രീൻഷോട്ട് നിർമിച്ചത് ജിതിൻ ഭാസ്കറിന്റെ ഫോണിൽ നിന്നാണെന്നാണ് അന്വേഷണത്തിലെ പ്രധാന കണ്ടെത്തൽ. 2024 ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് യുഡിഎഫ് സ്ഥാനാർഥിക്കെതിരെ പ്രചരിപ്പിച്ച വ്യാജ സ്ക്രീൻഷോട്ടാണ് കേസിനാസ്പദമായത്.
ഹൈക്കോടതി ഇടപെടലിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ, ഡിവൈഎഫ്ഐ പ്രവർത്തകൻ റിബേഷ് രാമകൃഷ്ണനാണ് സ്ക്രീൻഷോട്ട് ആദ്യം പോസ്റ്റ് ചെയ്തതെന്ന് കണ്ടെത്തിയിരുന്നു. എന്നാൽ പിന്നീട് അന്വേഷണം മന്ദഗതിയിലായിരുന്നു.
യുഡിഎഫ് സർക്കാരിന് കീഴിൽ അന്വേഷണം ഊർജിതമാക്കിയതോടെയാണ് ജിതിൻ ഭാസ്കറിന്റെ അറസ്റ്റിലേക്ക് നയിച്ചത്. എന്നിരുന്നാലും, ഈ സ്ക്രീൻഷോട്ട് യഥാർത്ഥത്തിൽ ആര് നൽകിയതാണെന്ന കാര്യത്തിൽ ഇപ്പോഴും അവ്യക്തത തുടരുകയാണ്.
Kerala
തിരുവനന്തപുരം: കേരള സർവകലാശാലാ വൈസ് ചാൻസലർ സ്വന്തം നിലയ്ക്ക് അഡ്വ. ഗിരിജ ഗോപാലിനെ നിയമിച്ചതിൽ പ്രതിഷേധിച്ച് സർവകലാശാല സ്റ്റാൻഡിംഗ് കൗൺസൽ അഡ്വ. തോമസ് എബ്രഹാം രാജിവച്ചു. രാജിക്കത്ത് അദ്ദേഹം സർവകലാശാലാ രജിസ്ട്രാർക്ക് കൈമാറി.
വൈസ് ചാൻസലർക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് അദ്ദേഹം രാജിക്കത്തിൽ ഉന്നയിച്ചിരിക്കുന്നത്. തന്നെ തൽസ്ഥാനത്ത് നിന്ന് നീക്കാൻ വിസിക്ക് അധികാരമില്ലെന്ന് അഡ്വ. തോമസ് എബ്രഹാം വ്യക്തമാക്കി. സ്റ്റാൻഡിംഗ് കൗൺസലിനെ നിയമിക്കാനോ നീക്കം ചെയ്യാനോ ഉള്ള പൂർണ അധികാരം സർവകലാശാലാ സിൻഡിക്കേറ്റിനാണെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു.
വിസിയുടെ നടപടികൾ തികച്ചും നിയമവിരുദ്ധമാണെന്ന് ആരോപിച്ച അദ്ദേഹം, സെക്ഷൻ 10 (13) ഉപയോഗിച്ച് സിൻഡിക്കേറ്റിന്റെ അധികാരത്തെ മറികടക്കാൻ വിസിക്ക് കഴിയില്ലെന്നും തന്റെ രാജിക്കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
Sports
ന്യൂയോർക്ക്: ഫിഫ ലോകകപ്പിൽ ബോസ്നിയ ഹെർസെഗോവിനയെ പരാജയപ്പെടുത്തി യുഎസ്എ പ്രീക്വാർട്ടറിൽ പ്രവേശിച്ചു. എതിരില്ലാത്ത രണ്ട് ഗോളുകൾക്കായിരുന്നു അമേരിക്കയുടെ വിജയം. അവസാന നിമിഷം വരെ പൊരുതിയിട്ടും യുഎസ്എയുടെ പ്രതിരോധം ഭേദിക്കാൻ ബോസ്നിയയ്ക്ക് കഴിഞ്ഞില്ല. ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് 45-ാം മിനിറ്റിൽ ഫോളാരിൻ ബലോഗനിലൂടെയാണ് യുഎസ്എ മത്സരത്തിൽ ലീഡ് നേടിയത്.
രണ്ടാം പകുതി തുടങ്ങി നിമിഷങ്ങൾക്കകം തന്നെ ആദ്യ ഗോൾ നേടിയ ബലോഗന് റെഡ് കാർഡ് ലഭിച്ച് മൈതാനത്ത് നിന്ന് പുറത്തുപോകേണ്ടി വന്നു. ഇതോടെ പത്ത് പേരായി ചുരുങ്ങിയെങ്കിലും യുഎസ്എ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. 82-ാം മിനിറ്റിൽ മാലിക് ടിൽമാൻ യുഎസ്എയ്ക്കായി രണ്ടാമത്തെ ഗോളും നേടി വിജയം ഉറപ്പിച്ചു.
അമേരിക്കയെ സമർദത്തിലാക്കാൻ ഒരു പരിധി വരെ ബോസ്നിയയ്ക്ക് കഴിഞ്ഞെങ്കിലും, ഒരു ഗോൾ പോലും തിരിച്ചടിക്കാൻ കഴിയാത്തത് ബോസ്നിയൻ ടീമിനും ആരാധകർക്കും കനത്ത നിരാശയാണ് സമ്മാനിച്ചത്. ഈ മിന്നും വിജയത്തോടെ അമേരിക്ക ടൂർണമെന്റന്റെ പ്രീക്വാർട്ടറിലേക്ക് തങ്ങളുടെ സ്ഥാനം ഉറപ്പിച്ചു.
National
ന്യൂഡൽഹി: ഫോൺ നമ്പർ പങ്കുവെയ്ക്കാതെ തന്നെ മറ്റുള്ളവരുമായി ആശയവിനിമയം നടത്താൻ സഹായിക്കുന്ന വാട്സാപ്പിന്റെ പുതിയ യൂസർ നെയിം ഫീച്ചർ അവതരിപ്പിക്കാനുള്ള നീക്കം താത്കാലികമായി നിർത്തിവെയ്ക്കാൻ ആവശ്യപ്പെട്ട് കേന്ദ്ര സർക്കാർ. ഫീച്ചർ ദുരുപയോഗം ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുകളെ തുടർന്നാണ് വാട്സാപ്പിനോട് താത്കാലികമായി ഈ സംവിധാനം നിർത്തിവെയ്ക്കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടത്. ഈ വിഷയത്തിൽ കൂടുതൽ കൂടിയാലോചനകൾ നടത്തണമെന്നും കൂടിയാലോചനകൾ കഴിയുന്നത് വരെ ഈ ഫീച്ചർ പുറത്തിറക്കാൻ കഴിയില്ലെന്നുമാണ് വാട്സാപ്പിന്റെ മാതൃസ്ഥാപനമായ മെറ്റയോട് സർക്കാർ ആവശ്യപ്പെട്ടത്.
സർക്കാർ വകുപ്പുകൾ, പൊതു ഉദ്യോഗസ്ഥർ, ബാങ്കുകൾ, മറ്റ് വിശ്വസനീയ സ്ഥാപനങ്ങൾ എന്നിവയായി ആൾമാറാട്ടം നടത്താൻ സൈബർ കുറ്റവാളികൾക്ക് ഈ ഫീച്ചർ ഉപയോഗപ്പെടുത്താൻ സാധിക്കുമെന്നതാണ് കേന്ദ്രം പങ്കുവെച്ച പ്രധാന ആശങ്ക. ഫോൺ നമ്പർ പങ്കുവെക്കാതെ തന്നെ മറ്റുള്ളവരുമായി ബന്ധപ്പെടാൻ സഹായിക്കുന്നതിനാൽ തട്ടിപ്പുകൾക്കും വ്യാജ അക്കൗണ്ടുകൾക്കും ഈ ഫീച്ചർ വഴിയൊരുക്കുമെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര സർക്കാർ മെറ്റയ്ക്ക് നോട്ടീസും അയച്ചിരുന്നു.
എന്നാൽ'യൂസർനെയിം' ഫീച്ചറിനെച്ചൊല്ലിയുള്ള സുരക്ഷാ ആശങ്കകൾക്ക് വാട്സാപ്പ് മറുപടി നൽകിയിട്ടുണ്ട്. വാട്സ്ആപ്പിൽ യൂസർനെയിം നിർബന്ധമല്ലെന്നും ഇത് തികച്ചും ഓപ്ഷണലായൊരു ഫീച്ചർ മാത്രമാണെന്നുമാണ് വാട്സാപ്പിന്റെ വിശദീകരണം. ഉപഭോക്താക്കൾക്ക് ആവശ്യമെങ്കിൽ മാത്രം ഇത് സെറ്റ് ചെയ്താൽ മതിയാകും.
മറ്റൊരാളുടെ യൂസർനെയിം വാട്ട്സ്ആപ്പിൽ സെർച്ച് ചെയ്ത് കണ്ടെത്താൻ കഴിയില്ല. ഇക്കാരണത്താൽ ഫോൺ നമ്പറുകൾക്കുള്ള അതേ സ്വകാര്യത ഈ ഫീച്ചറിനും ലഭിക്കും.
സുരക്ഷ വർധിപ്പിക്കുന്നതിനായി യൂസർനെയിമിനൊപ്പം ഒരു പ്രത്യേക 'കീ' കൂടി ഉപഭോക്താക്കൾക്ക് നൽകാം. നിങ്ങളെ ബന്ധപ്പെടാൻ ശ്രമിക്കുന്നവർക്ക് ഈ യൂസർനെയിമും അതോടൊപ്പമുള്ള കീയും അറിഞ്ഞെങ്കിൽ മാത്രമാകും നിങ്ങൾക്ക് സന്ദേശങ്ങൾ അയക്കാൻ കഴിയുക. ഈ കീ എപ്പോൾ വേണമെങ്കിലും മാറ്റാനുമാകുമെന്നും മെറ്റ വ്യക്തമാക്കി.
National
കോൽക്കത്ത: പശ്ചിമ ബംഗാളിലെ കൃഷ്ണനഗറിൽ തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയ്ക്ക് നേരെ പ്രതിഷേധക്കാരുടെ മുട്ടയേറ്. കൃഷ്ണനഗറിലെ ഒരു ഭക്ഷണശാലയിൽ പാർട്ടി പ്രവർത്തകരുമായി മഹുവ യോഗം ചേരുന്നതിനിടെയാണ് ഒരു കൂട്ടം ആളുകൾ കരിങ്കൊടികളുമായി എത്തി 'ഗോ ബാക്ക്' വിളികളോടെ അക്രമം അഴിച്ചുവിട്ടത്.
കെട്ടിടത്തിന് പുറത്തുനിന്നുള്ള ആൾക്കൂട്ടം ജനാലകൾക്ക് നേരെ മുട്ടയും വഴുതനങ്ങയും എറിയുകയായിരുന്നു. ഭക്ഷണശാലയുടെ മുകൾനിലയിൽ നിന്നും മഹുവ മൊയ്ത്ര തന്നെയാണ് ഈ ദൃശ്യങ്ങൾ ഫേസ്ബുക്ക് ലൈവിലൂടെ പുറത്തുവിട്ടത്. ജനാലയിലൂടെ സാധനങ്ങൾ അകത്തേക്ക് വീഴാതിരിക്കാൻ കർട്ടൻ ഉപയോഗിച്ച് അവർ പ്രതിരോധിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.
തനിക്കെതിരെ നടന്നത് സാധാരണക്കാരുടെ പ്രതിഷേധമല്ലെന്നും, ബിജെപി ആസൂത്രണം ചെയ്ത ഗുണ്ടാവിളയാട്ടമാണെന്നും മഹുവ ആരോപിച്ചു. സംഭവസ്ഥലത്ത് ഉണ്ടായിരുന്നിട്ടും അക്രമികളെ പിരിച്ചുവിടാൻ തയ്യാറാകാതെ പശ്ചിമ ബംഗാൾ പോലീസും സിആർപിഎഫും നോക്കുകുത്തികളായി നിൽക്കുകയായിരുന്നെന്നും മഹുവ കുറ്റപ്പെടുത്തി.